കേന്ദ്രത്തിന്റെ ‘വികസിത് ഭാരത് സങ്കല്പ് യാത്ര’ പൊതുമേഖല സ്ഥാപനങ്ങളുടെ പണം തട്ടുന്ന പരിപാടി: വി ശിവദാസന്‍ എംപി
അഡ്മിൻ
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ പ്രചാരവേലയ്ക്ക് പൊതുമേഖല ബാങ്കുകളെ പിഴിയരുതെന്ന് സിപിഎം എംപി വി ശിവദാസന്‍ ധനമന്ത്രി നിര്‍മല സീതാരാമന് കത്ത് നല്കി. ‘വികസിത് ഭാരത് സങ്കല്പ് യാത്ര’യെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന യാത്ര, പൊതുമേഖല സ്ഥാപനങ്ങളുടെ പണം തട്ടുന്ന പരിപാടിയായി മാറുകയാണ്. ബാങ്കുകളില്‍ നിന്നും പണവും ബാങ്ക് ജീവനക്കാരുടെ അധ്വാനവും ചൂഷണം ചെയ്ത് പ്രചാരവേല നടത്തുകയാണ് ബിജെപി സര്‍ക്കാരെന്ന് അദേഹം കുറ്റപ്പെടുത്തി.
ഈ പ്രചാരണത്തിന്റെ ഭാരം ഓരോ സംസ്ഥാനത്തെയും ലീഡ് ബാങ്കുകള്‍ കൂടുതലായി വഹിക്കേണ്ടി വരികയാണ്. സാധാരണക്കാര്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണ് ഈ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത്. രാജ്യത്തെ ബാങ്കിങ് സംവിധാനം ഇതിനകം വലിയ സമ്മര്‍ദ്ദത്തിലാണെന്നും അദേഹം അയച്ച കത്തില്‍ പറഞ്ഞു.