രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാമെന്ന് കോൺഗസ്

ജനുവരി 22 ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ തയ്യാറുള്ള പാർട്ടി നേതാക്കൾക്ക് കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി . ഇന്ത്യ ബ്ലോക്കിലെ മറ്റ് പ്രതിപക്ഷ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് മുന്നോടിയായി കോൺഗ്രസ് ഹൈക്കമാൻഡ് സംസ്ഥാന യൂണിറ്റ് നേതാക്കളുമായി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് തീരുമാനം.

യോഗത്തിൽ ഉത്തർപ്രദേശിലെയും ബിഹാറിലെയും കോൺഗ്രസ് നേതാക്കൾ ജനുവരി 22 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡിനോട് വ്യക്തത ആവശ്യപ്പെട്ടതോടെയാണ് രാമക്ഷേത്ര വിഷയം ഉയർന്നത്. പാർലമെന്റിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് കോൺഗ്രസ് പാർലമെന്ററി ബോർഡ് ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ പരിഗണിച്ചാണ് തനിക്കും സോണിയാ ഗാന്ധിക്കും ക്ഷണം ലഭിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാരുജുൻ ഖാർഗെ സൂചിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

നേതാക്കൾക്ക് നല്കാൻ പാർട്ടിക്ക് പ്രത്യേക നിർദ്ദേശമില്ലെന്നും ക്ഷേത്രത്തിൽ പ്രാർഥിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പോകാൻ സ്വാതന്ത്ര്യമുണ്ടെന്നും ഖാർഗെ പറഞ്ഞു. ജനുവരി 20, 21 തീയതികളിൽ കോൺഗ്രസ് ഉത്തർപ്രദേശ് യൂണിറ്റ് പ്രസിഡന്റ് അജയ് റായിയും ബീഹാർ യൂണിറ്റ് മേധാവി അഖിലേഷ് പ്രസാദ് സിംഗും യഥാക്രമം രാമക്ഷേത്രം സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ ഉന്നത നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങിനെ ബിജെപി രാഷ്ട്രീയവൽക്കരിക്കുന്നത് തടയാൻ ഇത് ആവശ്യമാണെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

06-Jan-2024