സംസ്ഥാന സ്കൂൾ കലോത്സവം; ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിൽ മത്സരങ്ങൾ

സംസ്ഥാന സ്കൂൾ കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോൾ കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത്. 425 പോയിന്റുകൾ നേടിയാണ് കണ്ണൂർ ജില്ല ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 410 പോയന്റുകളുമായി പാലക്കാടും, കോഴിക്കോടും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 409 പോയിന്റുകളോടെ തൊട്ട് പിന്നിൽ കൊല്ലവുമുണ്ട്. ഇന്ന് 24 വേദികളിലായി 59 ഇനങ്ങളിലാണ് മത്സരങ്ങൾ. മിമിക്രി, മോണോ ആക്ട്, നാടോടി നൃത്തം, മൈം തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന ഇനങ്ങൾ.

അതിനിടെ ഇന്ന് നടക്കാനിരുന്ന മിമിക്രി മത്സരത്തിന്റെയും, മൂകാഭിനയത്തിന്റെയും വേദികൾ പരസ്പരം മാറ്റിയിട്ടുണ്ട്. ഇത്തവണയും സ്വർണകപ്പിന് വേണ്ടിയുള്ള പോരാട്ടം കടുക്കും എന്നതിൽ സംശയമില്ല. ജനപ്രിയ ഇനങ്ങളുടെ മത്സരം നടക്കുന്നതിനാൽ രണ്ടാം ദിനം സദസ് ഒഴിഞ്ഞ് കിടന്നിരുന്നില്ല. നാടോടി നൃത്തത്തിൻ്റെയും നാടകത്തിൻ്റെയും ഭരതനാട്യത്തിൻ്റെയും വേദികൾ കാണികളാൽ നിറഞ്ഞിരുന്നു.

06-Jan-2024