യുപി സർക്കാരിന്റെ ഹലാല്‍ ഭക്ഷണ നിരോധനത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ

ഹലാല്‍ മുദ്രയുള്ള ഭക്ഷണം നിരോധിച്ച സംഭവത്തില യുപി സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. യോഗി സര്‍ക്കാരിന്റെ നടപടികള്‍ക്ക് എതിരായി സമര്‍പ്പിച്ച ഹര്‍ജികളില്‍ വിശദീകരണം തേടിയാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഹലാല്‍ മുദ്രയുള്ള ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഉല്‍പാദനം, സംഭരണം, വില്‍പ്പന തുടങ്ങിയ കാര്യങ്ങള്‍ നിരോധിച്ച യുപി സര്‍ക്കാര്‍ നടപടിക്ക് എതിരായ രണ്ട് ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

സര്‍ക്കാര്‍ നിരോധനഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള നിയമനടപടികള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരായ ഹലാല്‍ ഇന്ത്യയുടെയും ജാമിയത്ത് ഉലമ ഇ മഹാരാഷ്ട്രയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാനസര്‍ക്കാര്‍ നിലപാട് ആരാഞ്ഞ് നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് ഭൂഷണ്‍ ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. കഴിഞ്ഞവര്‍ഷം നവംബര്‍ 18നാണ് ഹലാല്‍ മുദ്രയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിരോധിച്ച് യുപി ഫുഡ് സെക്യൂരിറ്റി – ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വിഭാഗം ഉത്തരവിറക്കിയത്.

ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിരോധിച്ചതിന് പിന്നാലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതു മതങ്ങളിലേക്കുള്ള കടന്നുകയറ്റമെന്നും ഭക്ഷണസ്വാതന്ത്രം നിഷേധിക്കലാണെന്നും മുസ്ലീം മതസംഘടനകള്‍ പറയുന്നു.

06-Jan-2024