ബംഗാളിൽ കോൺ​ഗ്രസിന് രണ്ട് സീറ്റുകൾ വാഗ്ദാനം ചെയ്ത് തൃണമൂൽ

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഇന്ത്യ ബ്ലോക്കിന്റെ സഖ്യകക്ഷിയായ കോൺഗ്രസിന് തൃണമൂൽ കോൺഗ്രസ് രണ്ട് സീറ്റുകൾ വാഗ്ദാനം ചെയ്തതായി വൃത്തങ്ങൾ. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ സംസ്ഥാനത്തെ പ്രബല പാർട്ടിയെ അനുവദിക്കണമെന്നാണ് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പാർട്ടിയുടെ അഭിപ്രായം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഇന്ത്യ ബ്ലോക്ക് കൺവീനറായി തിരഞ്ഞെടുക്കണമെന്ന് തൃണമൂൽ കോൺഗ്രസും ആവർത്തിച്ചു.

കഴിഞ്ഞ മാസം ന്യൂഡൽഹിയിൽ നടന്ന പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിന്റെ യോഗത്തിൽ, 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നു. 58 സീറ്റുകളിൽ സ്വാധീനം ചെലുത്താൻ കഴിയുന്നതിനാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള ഖാർഗെയാണ് മികച്ച ഓപ്ഷനെന്ന് തൃണമൂൽ കോൺഗ്രസ് പറയുന്നത്. ‌ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിന്റെ കൺവീനറായി നിയമിച്ചേക്കുമെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. തീരുമാനം അംഗീകരിക്കാൻ പ്രതിപക്ഷ പാർട്ടികളുടെ വെർച്വൽ മീറ്റിംഗ് ഈ ആഴ്ച നടന്നേക്കും.

നിതീഷ് കുമാറുമായും ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായും നിയമനം സംബന്ധിച്ച് ചൊവ്വാഴ്ചയാണ് കോൺഗ്രസ് ചർച്ച നടത്തിയത്. തീരുമാനം ഇന്ത്യ സഖ്യത്തിനുള്ളിലെ മറ്റ് പങ്കാളികളോടും കൂടിയാലോചിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയുമായി നിതീഷ് കുമാർ ഇതേ കുറിച്ച് സംസാരിച്ചിരുന്നു.
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) തലവനുമായ അരവിന്ദ് കെജ്രിവാൾ, സഖ്യത്തിലെ മറ്റൊരു പ്രമുഖനും നിതീഷ് കുമാറിനെ കൺവീനറായി നിയമിക്കാനുള്ള ആശയത്തെ പിന്തുണച്ചതായി വൃത്തങ്ങൾ അവകാശപ്പെടുന്നു.

ഡിസംബർ 19 ന്, ഇന്ത്യ മുന്നണിയിലെ പാർട്ടികളുടെ നാലാമത്തെ യോഗം ഡൽഹിയിൽ ചേർന്നിരുന്നു. ഇതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി മല്ലികാർജുൻ ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചിരുന്നു.

07-Jan-2024