വണ്ടിപ്പെരിയാര്‍ ആക്രമണം: പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു
അഡ്മിൻ
വണ്ടിപ്പെരിയാര്‍ കേസിലെ ഇരയുടെ കുടുംബത്തെ ആക്രമിച്ച പ്രതി റിമാന്‍ഡില്‍. പോക്സോ കേസില്‍ പ്രതിയായിരുന്ന അര്‍ജുന്റെ ബന്ധു കൂടിയായ പാല്‍രാജിനെ പീരുമേട് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പാല്‍രാജിനെതിരെ പൊലീസ് ചുമത്തിയിട്ടുള്ളത്. പ്രതി മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എഫ്ഐആറിലുള്ളത്.
ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട അര്‍ജുന്റെ പിതൃസഹോദരന് ഇരയുടെ അച്ഛനെയും മുത്തച്ഛനെയും ഇന്നലെ രാവിലെയാണ് കുത്തി പരിക്കേല്‍പ്പിച്ചത്. ഇരയുടെ അച്ഛനും മുത്തച്ഛനും ബൈക്കില്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. ഈ സമയം പാല്‍രാജ് ഇവരെ അശ്ലീല ആംഗ്യം കാണിച്ചു. ഇരുവരും ഇത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കമാകുകയും പിന്നീട് കൈയാങ്കളിയിലേക്ക് കടക്കുകയുമായിരുന്നു. തുടര്‍ന്ന് പാല്‍രാജ് കൈയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് ഇരുവരേയും കുത്തുകയുമായിരുന്നു.
പിതാവിന്റെ ഇരുകാലുകളുടെയും തുടയ്ക്കും നെഞ്ചത്തും തോളിനുമാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന മുത്തച്ഛന് തോളിനും ഇരുമുട്ടുകള്‍ക്കും പരിക്കുണ്ട്. ഇരുവരെയും വണ്ടിപ്പെരിയാറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി കുട്ടിയുടെ അച്ഛനെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. ആക്രമണ ശേഷം രക്ഷപ്പെട്ട പ്രതിയെ പീരുമേട് പൊലീസ് പിടികൂടി വണ്ടിപ്പെരിയാര്‍ പൊലീസിന് കൈമാറുകയായിരുന്നു.