മോദിയുടെ തൃശ്ശൂർ പ്രസംഗം ആവേശം നൽകിയത് കോൺഗ്രസിനാണ്: ഇപി ജയരാജൻ

കോൺഗ്രസ് നേതാവ് ശശി തരൂരിനെ പുകഴ്ത്തിയുള്ള ഒ രാജഗോപാലിൻ്റെ പ്രസ്താവന ഉത്കണ്ഠയുണ്ടാക്കുന്ന രാഷ്ട്രീയ പ്രശ്നമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തരൂരിനെതിരെ ബിജെപി മത്സരിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി കോൺഗ്രസ് ഐക്യത്തിൻ്റെ ആരംഭമാണ് ശശി തരൂരിനെ ജയിപ്പിക്കണമെന്ന ബിജെപിയുടെ സന്ദേശമെന്നും ഇ പി ജയരാജൻ പറഞ്ഞു. റിപോർട്ടർ ടിവി പ്രസ് കോൺഫ്രെൻസിലായിരുന്നു അദ്ദേഹത്തിന്റ്രെ പ്രതികരണം.

മോദിയുടെ തൃശ്ശൂർ പ്രസംഗം ആവേശം നൽകിയത് കോൺഗ്രസിനാണ്. അത് ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത് കോൺഗ്രസാണ്. തൃശ്ശൂരിൽ കോൺഗ്രസ് പിന്തുണ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ തൃശ്ശൂരിൽ ബിജെപിയ്ക്ക് ജയസാധ്യതയില്ലെന്ന് ഇ പി ജയരാജൻ വ്യക്തമാക്കി. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിലും ഇ പി ജയരാജൻ പ്രതികരിച്ചു. അക്രമം നടത്തിയാൽ യൂത്ത് കോൺ​ഗ്രസ് പ്രസിഡൻ്റിന് പ്രത്യേക സംരക്ഷണമുണ്ടോയെന്ന് ഇ പി ജയരാജൻ ചോദിച്ചു. വടിയും കല്ലുമെടുത്താണ് പൊലീസിനെ അക്രമിക്കുന്ന നിലയാണുണ്ടായത്. ആളെ നോക്കിയല്ല നടപടിയെടുക്കുന്നത്. നിയമപരമായ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഗാനം പുറത്തിറങ്ങിയതിലും ഇ പി ജയരാജന്‍ തന്‍റെ അഭിപ്രായം പറഞ്ഞു. 'ഇതിഹാസ പുരുഷൻമാരോട് ആരാധന തോന്നുന്നത് സാധാരണയാണ്. എന്നാൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നുണ്ട്. പിണറായിക്ക് ഒരുപാട് കഴിവുകൾ ഉണ്ട്‌. അതിനെ ആരാധിക്കുന്ന ഒരുപാട് ജനങ്ങൾ ഈ നാട്ടിലുണ്ട്. അത് കാണാതെ പോകരുത്. സ്വന്തം കഴിവുകളെ പാർട്ടിക്ക് വേണ്ടി ഉപയോഗിക്കുന്ന ആളാണ്‌ പിണറായി. അതുകൊണ്ടാണ് പിണറായിയെ പ്രവർത്തകർ ആരാധിക്കുന്നത്. റെഡ് ആർമി, പി ജെ ആർമി പോലെ ചിലത് പാർട്ടിക്ക് പുറത്തുള്ളവർ ഉണ്ടാക്കിയതാണ്. അത് ജയരാജന്റെ അറിവോടെയല്ല. പാർട്ടിയെ അപമാനിക്കാൻ ചിലർ ചെയ്തതാണ്. പി ജയരാജനെ പാർട്ടി താക്കീത് ചെയ്തുവെന്ന വാർത്ത തെറ്റാണ്. ജയരാജനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല', ഇ പി ജയരാജൻ കൂട്ടിച്ചേർത്തു

09-Jan-2024