രാമക്ഷേത്ര ഉദ്ഘാടനം'; ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം കോണ്‍ഗ്രസ് നിരസിച്ചു. ഈ മാസം 22 ന് നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ഉള്‍പ്പെടെയുള്ള ഒരു നേതാവും പങ്കെടുക്കില്ലെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയത്.

അയോധ്യയിലെ രാമക്ഷേത്രത്തെ ബിജെപിയും ആര്‍എസ്എസും ഒരു രാഷ്ട്രീയ പദ്ധതിയാക്കി മാറ്റിയെന്നും അപൂര്‍ണ്ണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി നടത്തുന്നതാണെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 'കഴിഞ്ഞ മാസം മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരെ അയോധ്യയിലെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. നമ്മുടെ രാജ്യത്ത് ലക്ഷക്കണക്കിന് ആളുകള്‍ ശ്രീരാമനെ ആരാധിക്കുന്നു.മതം വ്യക്തിപരമായ കാര്യമാണ്.എന്നാല്‍ ആര്‍എസ്എസും ബിജെപിയും വളരെക്കാലമായി അയോധ്യയിലെ ക്ഷേത്രത്തെ ഒരു രാഷ്ട്രീയ പദ്ധതിയാക്കി മാറ്റി.

അപൂര്‍ണ്ണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ തിരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി നടത്തുന്നതാണ്.2019ലെ സുപ്രീം കോടതി വിധിയെയും ശ്രീരാമനെയും ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിച്ചുകൊണ്ട് ആര്‍എസ്എസ്/ബിജെപിയില്‍ നിന്നുള്ള പരിപാടിയിലേക്കുള്ള ക്ഷണം ആദരവോടെയും നിരസിക്കുന്നു. ', പാര്‍ട്ടി എക്‌സില്‍ പങ്കുവെച്ച കത്തില്‍ വ്യക്തമാക്കുന്നു.

10-Jan-2024