കേസ് ഒത്തുതീര്‍പ്പാക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ ബിജെപി സഹായം തേടി: ഡിവൈഎഫ്ഐ

തനിക്കെതിരായ വ്യാജ ഐഡി നിർമ്മാണ കേസ് ഒത്തുതീർപ്പാക്കുന്നതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ബിജെപിയുടെ സഹായം തേടി എന്ന ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. രാഹുലിനെ സഹായിക്കാനുള്ള ചർച്ചകൾ തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്നിട്ടുണ്ട്. ഇതിനു നേതൃത്വം നൽകിയത് മുൻ കോൺഗ്രസ് കുടുംബാംഗമാണെന്നും സനോജ് ആരോപിച്ചു.

‘‘ചർച്ചകൾക്കു നേതൃത്വം നൽകിയ വ്യക്തി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സഹപാഠി കൂടിയാണ്. അദ്ദേഹമാണ് ഇതുമായി ബന്ധപ്പെട്ട ഡീൽ നടത്തിയത്. അതുകൊണ്ടാണ് ബിജെപിയുടെ സംസ്ഥാന – കേന്ദ്ര നേതൃത്വം ഇതുമായി ബന്ധപ്പെട്ട് ഒരു അന്വേഷണമോ ആരോപണമോ നടത്താത്തത്. വി. മുരളീധരൻ സ്ഥിരമായി വാർത്താസമ്മേളനം നടത്തുന്നയാളാണ്. ഇത്രയും വലിയ ഒരു രാജ്യദ്രോഹകുറ്റം സംസ്ഥാന പ്രസിഡന്റ് തന്നെ നിരവധി തവണ ഉന്നയിച്ചിട്ടും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ നേരിൽ കണ്ട് പരാതി നൽകിയിട്ടും അതിനെ കുറിച്ച് വി. മുരളീധരൻ ഇതുവരെ ‘കമ’ എന്നൊരക്ഷരം മിണ്ടിയിട്ടില്ല. ബിജെപിയുടെ മറ്റു സംസ്ഥാന നേതാക്കളും ഈ വിഷയം തൊട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് രാഹുലും ബിജെപിയുടെ അഖിലേന്ത്യാ നേതൃത്വവും വ്യക്തമായ ധാരണ ഉണ്ടാക്കി’’– സനോജ് ചൂണ്ടിക്കാട്ടി.

യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്യുന്നത് ആദ്യത്തെ സംഭവമാണെന്ന രീതിയിലാണ് പല മാധ്യമങ്ങളും വിഷയം കൈകാര്യം ചെയ്യുന്നതെന്നും സനോജ് ആരോപിച്ചു. രാഹുലിന്റെ അമ്മയേയോ കുടുംബത്തേയോ ആരെയും പൊലീസ് ഉപദ്രവിച്ചിട്ടില്ലെന്നും സനോജ് കൂട്ടിച്ചേർത്തു.

10-Jan-2024