വാർത്തയിലെ തലക്കെട്ട് കെട്ടിച്ചമച്ചതെന്ന് ബൃന്ദ കാരാട്ട്

പാർട്ടിക്കെതിരെ തന്റെ പുസ്തകത്തിൽ സംസാരിച്ചെന്ന വാർത്തകൾ നിഷേധിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ദേശീയ തലത്തിൽ പാർട്ടി തന്റെ സ്വതന്ത്ര വ്യക്തിത്വം അഗീകരിച്ചില്ലെന്നും, പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രം പരിഗണിച്ചെന്നും പുസ്തകത്തിൽ പറയുന്നുണ്ടെന്നായിരുന്നു വാർത്ത വന്നത്. മലയാള മാധ്യമത്തിൽ വന്ന വാർത്തയുടെ തലക്കെട്ട് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും, തന്നെ ഭാര്യ മാത്രമാക്കി എന്ന തലക്കെട്ട് കെട്ടിച്ചമച്ചതാണെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു.

പുസ്തകത്തിൽ താൻ അങ്ങനെ എഴുതിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരമൊരു വാർത്ത നൽകിയ മാധ്യമം മാപ്പ് പറയുമെന്നാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി. ഇത്തരത്തിലൊരു തലക്കെട്ട് നൽകുന്നത് ധാർമികതയാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും, വാർത്ത മുഴുവൻ താൻ വായിച്ചിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

ഓർമക്കുറിപ്പിലെ പരാമർശം വളച്ചൊടിച്ചു. പാർട്ടിയിൽ നിന്ന് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ല. തന്റെ പുസ്തകം പൊതുയിടത്തിൽ കിട്ടും. താത്പര്യമുള്ളആർക്ക് വേണമെങ്കിലും വായിച്ചുനോക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

 

13-Jan-2024