മല്ലികാർജുൻ ഖാർഗെ ഇൻഡ്യ മുന്നണി അധ്യക്ഷൻ

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുൻ ഖാര്‍ഗെയെ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ മുന്നണി അധ്യക്ഷനായി തെരഞ്ഞെടുത്തതായി റിപ്പോർട്ട്. മുന്നണിയുടെ ഓണ്‍ലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ ധാരണയായത്. സീറ്റു പങ്കുവെക്കല്‍ ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് മുന്നണി അധ്യക്ഷനെ തെരഞ്ഞെടുത്തത് എന്നതാണ് ശ്രദ്ധേയം.നേരത്തെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുന്നണിയുടെ അധ്യക്ഷനാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഈ ഊഹാപോഹങ്ങൾ തള്ളിയാണ് കോണ്‍ഗ്രസിനെ തന്നെ ചുമതലയേല്‍പ്പിക്കാൻ മുന്നണി തീരുമാനിച്ചത്. ഇൻഡ്യ സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് ഇന്ന് നിര്‍ണായക യോഗം നടന്നത്.പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മല്ലികാര്‍ജുൻ ഖാര്‍ഗെയെ ഉയര്‍ത്തിക്കാട്ടണമെന്ന് മമത ബാനര്‍ജിയും അരവിന്ദ് കെജ്രിവാളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യത്തോട് നിതീഷ് കുമാറിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിൽ ആണ് യോഗ തീരുമാനം.

13-Jan-2024