മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.30നായിരുന്നു അന്ത്യം.ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത് കബര്‍സ്ഥാനിലായിരിക്കും കബറടക്കം.

കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വര്‍ഷം എറണാകുളം ഡി.സി.സി. പ്രസിഡന്റായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ചുമതലയും വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം 1977-ല്‍ ആദ്യമായി ആലുവയില്‍ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ പ്രതിനിധീകരിച്ചു.

അതേസമയം ടി.എച്ച് മുസ്തഫയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മന്ത്രി, നിയമസഭാ സാമാജികന്‍, കോണ്‍ഗ്രസ് നേതാവ് എന്നീ നിലകളില്‍ കേരളത്തിന്റെ പൊതുസാമൂഹ്യ ജീവിതത്തില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

14-Jan-2024