രാജ്യത്തിന് ഒരു ബദലാണ് ഇന്ത്യ സഖ്യം മുന്നോട്ട് വെക്കുന്നത്: ശരത് പവാർ
അഡ്മിൻ
പ്രതിപക്ഷ ഇന്ത്യൻ സഖ്യത്തിന് പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ ആവശ്യമില്ലെന്ന് എൻസിപി നേതാവ് ശരത് പവാർ. സഖ്യത്തിന്റെ പേരിൽ പാർട്ടികൾ തെരഞ്ഞെടുപ്പിൽ വോട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസമാണ് മല്ലികാർജുൻ ഖാർഗെയെ ഇന്ത്യാ സഖ്യത്തിന്റെ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഏതെങ്കിലുമൊരാളെ പ്രധാനമന്ത്രിയായി ഉയര്‍ത്തികാണിക്കേണ്ട ആവശ്യം സഖ്യത്തിനില്ല. രാജ്യത്തിന് ഒരു ബദലാണ് തങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1977ല്‍ മൊറാര്‍ജി ദേശായി അധികാരത്തില്‍ എത്തിയതിന് സമാനമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും ശരത് പവാര്‍ പറഞ്ഞു. 1977ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ പാർട്ടികൾ സഖ്യമുണ്ടാക്കി അധികാരത്തിലെത്തി. അന്ന് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആരെയും ഉയർത്തിക്കാട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില നേതാക്കൾ ഖാർഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിർദ്ദേശിച്ചു. ചിലർ അനുകൂലിച്ചു. നിതീഷ് കുമാറിനെ കൺവീനറായി ചിലർ നിർദേശിച്ചു. എന്നാൽ, ആ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറായില്ല. ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്നാണ് തന്റെ നിലപാടെന്നും പവാർ പറഞ്ഞു