മാലദ്വീപില്‍നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണം; ആവശ്യവുമായി പ്രസിഡന്റ് മുയിസു
അഡ്മിൻ
പ്രധാനമന്ത്രി മോദി വിരുദ്ധ പരാമര്‍ശവും തുടര്‍ന്നുണ്ടായ സമ്മര്‍ദവും നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതിന് പിന്നാലെ ഇന്ത്യയോടുള്ള നിലപാട് കടുപ്പിച്ച് മാലദ്വീപ്. മാലദ്വീപിലുള്ള ഇന്ത്യന്‍ സൈനികരെ ഉടന്‍ പിന്‍വലിക്കണമെന്ന് മാലദ്വീപ് പ്രസിഡന്റ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ചൈന സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നിലപാട് കടുപ്പിക്കുന്നത്.
നിലവിൽ ഇരുരാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് മാർച്ച് 15 ന് മുമ്പ് ഇന്ത്യന്‍ സൈനികരെ പിന്‍വലിക്കണമെന്ന് നിർദേശം മാലദ്വീപ് മുന്നോട്ടുവച്ചത്. കഴിഞ്ഞ വർഷം നവംബറിൽ പ്രസിഡന്റ് പദവി ഏറ്റെടുത്തതിന് പിന്നാലെ മാലിദ്വീപിലെ സൈനിക സാന്നിധ്യം പിൻവലിക്കണമെന്ന് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈന്യത്തെ പിൻവലിക്കാനുള്ള സമയപരിധി സർക്കാർ നിർദേശിച്ചിരുന്നില്ല.
ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ രൂക്ഷമായതിന് പിന്നാലെയാണ് പുതിയ പ്രതികരണം. ജനങ്ങളുടെ ജനാധിപത്യ ഇച്ഛയെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാണ് പ്രസിഡന്റിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. ചൈനീസ് നിലപാടുകളുമായി ചേര്‍ന്നുനില്‍ക്കുന്ന മുയിസുവിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണം തന്നെ ഇന്ത്യന്‍ സൈന്യത്തെ ദ്വീപില്‍ നിന്ന് പുറത്താക്കും എന്നായിരുന്നു.