മിലിന്ദ് ദിയോറയുടെ രാജിസമയം നിശ്ചയിച്ചത് പ്രധാനമന്ത്രിയെന്ന് കോൺ​ഗ്രസ്

ഇന്ന് കോൺ​ഗ്രസ് വിട്ട മിലിന്ദ് ദിയോറയുടെ രാജിസമയം നിശ്ചയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന ആരോപണവുമായി കോൺ​ഗ്രസ്. മുംബൈ സൗത്ത് സീറ്റ് ലഭിക്കാനുളള മിലിന്ദിന്റെ ആവശ്യത്തെ പ്രഹസനം എന്നുമാണ് കോൺ​ഗ്രസ് വിശേഷിപ്പിച്ചത്. മുംബൈ സൗത്തിൽ ശിവ​സേന താക്കറെ വിഭാ​ഗം മത്സരിക്കുന്നതിലുളള തന്റെ ആശങ്ക രാഹുൽ ​ഗാന്ധിയുമായി പങ്കുവെക്കാൻ ആ​ഗ്രഹിക്കുന്നുവെന്ന് മിലിന്ദ് രാജുക്ക് മുമ്പ് വിളിച്ചപ്പോൾ പറഞ്ഞതായി കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

വെളളിയാഴ്ച രാവിലെ അദ്ദേഹം എനിക്ക് സന്ദേശമയച്ചു. ശേഷം ഉച്ചക്ക് 2.47 ന് നിങ്ങൾ മാറാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഞാൻ തിരിച്ചു വിളിച്ചു ചോദിച്ചു. അത് ശിവസേനയുടെ സിറ്റിം​ഗ് സീറ്റ് ആണ് എന്ന് അറിയാമെന്നും മിലിന്ദ് പറഞ്ഞു. ഇതേപറ്റി രാഹുൽ ​ഗാന്ധിയുമായി സംസാരിക്കാൻ താത്പര്യമുണ്ടെന്നും രാഹുൽ ​ഗാന്ധിയെ ഇക്കാര്യം ബോധിപ്പിക്കണമെന്നും മിലിന്ദ് ആവശ്യപ്പെട്ടതായി ജയറാം രമേശ് വ്യക്തമാക്കി.

തീർച്ചയായും ഇത് എല്ലാം ഒരു പ്രഹസനമായിരുന്നു. അദ്ദേഹം നേരത്തെ തന്നെ രാജിവെക്കാൻ തീരുമാനിച്ചിരുന്നു. രാജിവെക്കേണ്ട സമയം നിശ്ചയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ജയറാം രമേശ് ആരോപിച്ചു. മിലിന്ദ് ദിയോറയുടെ രാജി കോൺ​ഗ്രസിനെ ഒരു തരത്തിലും ബാധിക്കില്ല. ഒരു മിലിന്ദ് ദിയോറ പോയാൽ ആയിരം മിലിന്ദ് ദിയോറമാർ കോൺ​ഗ്രസിൽ ചേരും. ഇതൊന്നും ഒരിക്കലും തങ്ങളുടെ പാർട്ടിയെ ബാധിക്കില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.

14-Jan-2024