ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതും ഞങ്ങളുടെ കടമയാണ്: ബിനോയ് വിശ്വം
അഡ്മിൻ
പ്രസ്ഥാനം ഏൽപ്പിക്കുന്ന കർത്തവ്യം ചുമതലാബോധത്തോടെ ഏറ്റെടുക്കുക എന്നത് ഒരു കമ്യൂണിസ്റ്റുകാരന്റെ കടമയാണെന്ന് സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായ ബിനോയ് വിശ്വം. ആ കടമ നിർവഹിക്കുകയാണ് ചെയ്തത്. 'ചികിത്സയ്ക്കു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന നല്ല ആത്മവിശ്വാസം അന്ന് സഖാവ് കാനത്തിന് ഉണ്ടായിരുന്നു. മൂന്നു മാസത്തേക്കു സെക്രട്ടറിയുടെ ചുമതല നിർവഹിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ‘‘ഞാൻ വേണോ’’ എന്നാണ് അങ്ങോട്ട് ചോദിച്ചത്. ‘‘ഇതാണ് പ്രശ്നം, ഒരു കാര്യം പറഞ്ഞാൽ സമ്മതിക്കില്ല, അങ്ങേറ്റാൽ മതി’’ എന്നായിരുന്നു സഖാവിന്റെ മറുപടിയെന്ന് ബിനോയ് വിശ്വം മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ പറഞ്ഞു.
'കാനംതന്നെ എന്നെ നിർദേശിച്ചുകൊണ്ടു കത്ത് നൽകിയിരുന്ന കാര്യം ജനറൽ സെക്രട്ടറി യോഗത്തെ അറിയിച്ചു. അതോടെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. ചില അഭിപ്രായ പ്രകടനങ്ങൾ വന്നു എന്നല്ലാതെ അക്കാര്യത്തിൽ ഒരു തർക്കവും പാർട്ടിക്ക് അകത്ത് ഉണ്ടായിരുന്നില്ല. വലിയ സംഘർഷമോ യുദ്ധമോ ഉള്ള പാർട്ടിയല്ല കമ്യൂണിസ്റ്റ് പാർട്ടി. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തിക്കുന്നത് ഈ സമൂഹത്തിലാണല്ലോ. അതിലെ തെറ്റായ പ്രവണതകൾ ഇവിടെയും സ്വാധീനം ചെലുത്തിയേക്കാം. നിരന്തരമായ കമ്യൂണിസ്റ്റ് ജാഗ്രത മാത്രമേ വഴിയുള്ളൂ. മുതലാളിത്തത്തിന്റെ മൂല്യബോധത്തിനും പണത്തിന്റെ സ്വാധീനത്തിനും അടിപ്പെട്ടു പോകാതെ സൂക്ഷിക്കുക എന്നത് കമ്യൂണിസ്റ്റുകാരന്റെ കർത്തവ്യമാണ്. പാർട്ടിയുടെ പരിശുദ്ധി വളരെ പ്രധാനമാണ്. നിതാന്ത ജാഗ്രത കാട്ടിയില്ലെങ്കിൽ ഈ വൈറസ് കമ്യൂണിസ്റ്റ് പാർട്ടിയേയും പിടികൂടും . ഇത്തരം പ്രവണതകൾക്കെതിരെയുള്ള പോരാട്ടത്തിൽ പൊതുവിൽ പാർട്ടി വിജയിക്കാറുണ്ടെങ്കിലും ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായെന്നു വരും- ബിനോയ് വിശ്വം.
പുതിയ സെക്രട്ടറി എന്ന നിലയിൽ കമ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപ്പെടുത്തൽ തന്നെയാണ് ഏറ്റവും പ്രധാന ലക്ഷ്യം. അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുക മാത്രമല്ല, എണ്ണത്തിനൊപ്പം ഗുണത്തിലും മെച്ചം ഉണ്ടാകണം. ആശയപരമായും രാഷ്ട്രീയമായും സംഘടനാപരമായും പാർട്ടിയെ ശക്തിപ്പെടുത്താനായി കൂട്ടായ ശ്രമത്തിന് മുൻകൈ എടുക്കും. കൂട്ടായ എന്ന വാക്കിന് അടിവരയിടുന്നു. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതും ഞങ്ങളുടെ കടമയാണ്.സിപിഎം–സിപിഐ ബന്ധംതന്നെയാണ് അതിൽ പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെയും ഡൽഹിയിലെയും പ്രവർത്തന രീതിയിൽ താരതമ്യമില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു കേരളത്തിലെ പ്രവർത്തനങ്ങൾക്ക് കുറച്ചു കൂടി അധ്വാനം ആവശ്യമാണ്. യാത്രകൾ ധാരാളം വേണ്ടി വരും, പല വിഷയങ്ങൾ ഉയർന്നു വരും. രാഷ്ട്രീയ ബോധം, നീതിബോധം, പ്രവർത്തനശേഷി, ജനങ്ങളോടുള്ള ബഹുമാനം ഇതെല്ലാം അടങ്ങുന്ന സഖാക്കളാണ് ഈ പാർട്ടിയിൽ ഉള്ളത്. ജനങ്ങളേക്കാൾ താഴെയാണു നമ്മൾ എന്ന അചഞ്ചലമായ വിശ്വാസമാണ് ഒരു കമ്യൂണിസ്റ്റിനു വേണ്ടതെന്ന ഉറച്ച വിശ്വാസമാണ് എനിക്ക്. ഇത് ഒരു കൂട്ടായ്മയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
‘‘പാർട്ടിക്ക് കളങ്കം ഉണ്ടാക്കുന്ന ഒരു നടപടിയും ഉണ്ടാകരുത്, പാവപ്പെട്ട മനുഷ്യരോട് എന്നും കൂറു കാണിക്കണം.’’ അച്ഛൻ എന്റെ കയ്യിൽ പിടിച്ച് അന്നു പറഞ്ഞത് രണ്ടു കാര്യങ്ങളായിരുന്നു. ഈ രണ്ടും എപ്പോഴും ഓർമിക്കാറുണ്ട്. 'അത് ഒരു ഉപദേശമായിട്ടില്ല, ആജ്ഞയായാണ് കണ്ടിട്ടുളളത്. എല്ലാവരെയും കൂട്ടിയിണക്കിക്കൊണ്ടുപോകുക എന്നതാണ് ഒരു കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം. അതു ചെയ്യാൻ പ്രാപ്തനാണ് എന്നാണ് എന്റെ വിശ്വാസം. പാർട്ടിയുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ അല്ലാതെ ഒരു വ്യക്തിപരമായ താൽപര്യവും എനിക്കില്ല' - ബിനോയ് വിശ്വം.
അതെസമയം ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ നാലു സീറ്റുകളിൽ തന്നെയാണ് മൽസരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ ഏതെങ്കിലും സീറ്റുകൾ സിപിഎമ്മുമായി വച്ചു മാറുന്നതിന് ഞങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടഒരു സീറ്റിലും കേരളത്തിൽ ആരും എളുപ്പത്തിൽ ജയിക്കാറില്ലല്ലോ. സിപിഐയുടെ നാല് സീറ്റ് എന്ന നിലയിൽ അല്ല ഞങ്ങൾ കാണുന്നത്. 20 സീറ്റും സിപിഐയുടേതു കൂടിയാണ്. ജയിച്ചു വന്നാൽ സംഘപരിവാറിന് കീഴ്പ്പെടുത്താൻ പറ്റില്ല എന്ന് അക്കൂട്ടർ കരുതുന്ന ഒരേ ഒരു വിഭാഗം ഇന്ന് രാജ്യത്ത് ഇടതുപക്ഷമാണ്. ഞങ്ങളാരും ബിജെപിക്കായി കൈ പൊക്കില്ല. കേരളത്തിൽനിന്ന് ജയിക്കുന്ന ഏതു കോൺഗ്രസുകാരനും നാളെ ബിജെപിയുടെ കൂടെ ചേരില്ലെന്ന് ആരു കണ്ടു!.
അയോധ്യയുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കോൺഗ്രസ് എത്ര വൈകി? മഹാത്മാഗാന്ധിയുടെ പാർട്ടിക്ക് ഗോഡ്സെയുടെ പാർട്ടി ഒരു ക്ഷണക്കത്ത് അയച്ചാൽ അതു സ്വീകരിക്കില്ലെന്നു പറയാൻ എന്തിനാണ് ഇത്രയും ചർച്ച! സിപിഎമ്മും സിപിഐയും എടുത്ത തത്വാധിഷ്ഠിത തീരുമാനത്തിന്റെ സ്വാധീനംകൊണ്ടു മാത്രമാണ് ഒടുവിൽ അയോധ്യയിലേക്കു പോകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് അവരെത്തിയത് എന്ന് അദ്ദേഹം വെളിപ്പെടുത്തി.
15-Jan-2024
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ