മോദി ഒരു രാക്ഷസന്, ഒരു ദിവസം എല്ലാവരെയും വിഴുങ്ങും: വിവാദ പരാമര്‍ശവുമായി എംഎല്‍എ
അഡ്മിൻ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിവാദ പരാമര്‍ശവുമായി ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡല് രംഗത്ത്. ബിഹാറിലെ ഗോപാല്‍പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഗോപാല്‍ മണ്ഡല്. പ്രധാനമന്ത്രി മോദിയെ രാക്ഷസന് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഞങ്ങള്‍ പ്രധാനമന്ത്രി മോദിക്ക് ഒരിക്കലും എതിരല്ലെന്നും അദ്ദേഹം ഒരു പിശാചാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസം അയാള്‍ എല്ലാവരെയും വിഴുങ്ങും, എല്ലാവരേയും മുക്കിക്കൊല്ലും. അടല്‍ ബിഹാരി വാജ്പേയിയെയും ലാല്‍ കൃഷ്ണ അദ്വാനിയെയും പോലെയല്ല മോദിയെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ പരാജയപ്പെടുത്തണമെങ്കില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കേണ്ടത് വളരെ പ്രധാനമാണെന്നും ഗോപാല്‍ മണ്ഡല് പറഞ്ഞു. നിതീഷ് കുമാറിനെ കണ്‍വീനറാക്കിയാല്‍ മാത്രം പോര. അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാര്‍ത്ഥിയാക്കി ഇന്ത്യാ മുന്നണി പ്രഖ്യാപിക്കണം.
അങ്ങനെയെങ്കില്‍ ബി.ജെ.പിയുമായി മത്സരിക്കാന്‍ സഖ്യത്തിന് കഴിയും. രാജ്യത്തെ എല്ലാ കുട്ടികള്‍ക്കും നിതീഷ് കുമാറിനെ അറിയാം. നാടുനീളെ കറങ്ങിനടന്ന് ചെറുതും വലുതുമായ എല്ലാ നേതാക്കളെയും ഒരുമിപ്പിച്ച അദ്ദേഹം നാളിതുവരെ വിവാദങ്ങളില്‍ പെട്ടിട്ടില്ലെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാല്ത്ഥിയായി നിര്‍ദേശിച്ചതിനെയും എംഎല്‍എ വിമര്‍ശിച്ചു. ഖാര്‍ഗെയെ ആരറിയും? രാഹുല്‍ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു. ആളുകള്‍ക്ക് അദ്ദേഹത്തെ അറിയാം. രാഷ്ട്രീയത്തിലെ ഏറ്റവും പഴക്കമുള്ള കുടുംബമാണ് ഗാന്ധി കുടുംബം. അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്യുന്നു. നാടുനീളെ കാല്‍നടയായി യാത്ര ചെയ്യുന്നു. അദ്ദേഹം വിദ്യാസമ്പന്നനാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി.