ക്ഷേത്രം നിര്‍മിക്കാനുള്ള കോടതി വിധി വരെ കാത്തിരിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് : ദിഗ്വിജയ് സിംഗ്
അഡ്മിൻ
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ കോണ്‍ഗ്രസ് ഒരിക്കലും എതിര്‍ത്തിട്ടില്ലെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി ദിഗ്വിജയ് സിംഗ്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും വിഎച്ച്പിയുടെയും ഉദ്ദേശം എന്തായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ക്ഷേത്രം പണിയുകയല്ല, മറിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അതിനെ ഹിന്ദു-മുസ്ലിം പ്രശ്നമാക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യമെന്നും അദ്ദേഹം ആരോപിച്ചു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനെ കോണ്‍ഗ്രസ് ഒരിക്കലും എതിര്‍ത്തിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ജനുവരി 22 ന് വിഗ്രഹപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പുതിയ ക്ഷേത്രത്തിന്റെ സ്ഥാനം സംബന്ധിച്ചും ചില ചോദ്യങ്ങള്‍ ഉന്നയിച്ചു.
തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാനുള്ള കോടതി വിധി വരെ കാത്തിരിക്കാന്‍ മാത്രമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലത്ത് തര്‍ക്കമില്ലാത്ത ഭൂമിയിലാണ് ഭൂമി പൂജ നടത്തിയത്. മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവവും രാമക്ഷേത്ര നിര്‍മ്മാണത്തിനായി തര്‍ക്കമില്ലാത്ത ഭൂമി ഏറ്റെടുത്തിരുന്നു.
എന്നാല്‍ ബിജെപിയും വിഎച്ച്പിയും സംഘവും ക്ഷേത്രം പണിയാന്‍ ആഗ്രഹിച്ചില്ല. അവര്‍ പള്ളി പൊളിച്ചു, കാരണം മസ്ജിദ് പൊളിക്കാത്തിടത്തോളം ഹിന്ദു-മുസ്ലിം പ്രശ്നം ഉദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അശാന്തി പടര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് അവരുടെ തന്ത്രമെന്നും അദ്ദേഹം വിമര്‍ശിച്ചു.