അതൃപ്തിയിൽ പുകയുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി പുന:സംഘടന

കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടനയിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. സമിതിയിൽ അംഗസംഖ്യ വർദ്ധിപ്പിച്ചതാണ് അതൃപ്തിക്ക് കാരണം. ജംബോ കമ്മിറ്റി സമിതിയുടെ പ്രാധാന്യം കുറച്ചെന്നാണ് പ്രധാന വിമർശനം. 23 ൽ നിന്നും 36 ലേക്കാണ് സമിതിയുടെ അംഗ സംഖ്യ വർദ്ധിപ്പിച്ചത്.

അയോഗ്യരും സമിതിയിൽ ഇടംപിടിച്ചെന്ന വിമർശനവും ഉണ്ട്. ഗ്രൂപ്പ് പരിഗണനയിലാണ് പലരും സമിതിയിൽ ഇടം നേടിയത്. ഏറെ കാലമായി പ്രവർത്തന രംഗത്തില്ലാത്തവർക്ക് അവസരം നൽകിയതിനേയും ചില നേതാക്കൾ ചോദ്യം ചെയ്യുന്നുണ്ട്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് രാഷ്ട്രീയകാര്യ സമിതിയുടെ അന്തിമ പട്ടിക തയ്യാറാക്കിയത്.

തെരഞ്ഞെടുപ്പ് വരാനിരിക്കെ പരാതിയും പരിഭവങ്ങളും ഒഴിവാക്കാനായിരുന്നു നേതൃത്വത്തിന്റെ ശ്രമം. ഗ്രൂപ്പ് നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പരിഗണിച്ചതോടെ പട്ടിക നീണ്ടു. എംപിമാരും എംഎൽഎമാരും പട്ടികയിൽ ഇടം നേടി. കെപിസിസി ഭാരവാഹികളേയും ഗ്രൂപ്പ് മാനേജർമാരേയും പരിഗണിക്കേണ്ടി വന്നു.

നേതൃത്വത്തെ വെല്ലുവിളിച്ച വി എം സുധീരൻ ഉൾപ്പടെയുള്ള മുതിർന്ന നേതാക്കളെ സമിതിയിൽ നിലനിർത്തി. അതേസമയം സ്ത്രീകൾക്കും യുവാക്കൾക്കും പരിഗണന നൽകിയിട്ടുണ്ട്. ഷാനിമോൾ ഉസ്മാനായിരുന്നു മുൻ കമ്മിറ്റിയിലെ ഏക വനിതാ അംഗം. ഇപ്പോൾ വനിതാ അംഗങ്ങളുടെ എണ്ണം നാലായി ഉയർത്തി. പത്മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ, പി കെ ജയലക്ഷ്മി എന്നിവരാണ് പുതുതായി സമിതിയിൽ ഇടം നേടിയ വനിതാ അംഗങ്ങൾ.

സമിതിയിലെ അംഗ സംഖ്യ വർദ്ധിച്ചതോടെ യോഗം വിളിച്ചു ചേർക്കുക നേതൃത്വത്തിന് വെല്ലുവിളിയാകും. കെപിസിസി പ്രസിഡന്റ് തിരിച്ചെത്തിയാൽ പിന്നാലെ പുതിയ രാഷ്ട്രീയകാര്യ സമിതിയുടെ ആദ്യ യോഗം ചേരും.

17-Jan-2024