14 അംഗ സംഘമാണ് മാരകായുധങ്ങളുമായി ക്യാമ്പസിലെത്തി അക്രമം നടത്തിയതെന്ന് എസ് എഫ് ഐ
അഡ്മിൻ
എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി നാസറിനെ കുത്തിയ കേസിൽ കെ എസ് യു പ്രവത്തകൻ പിടിയിൽ. കേസിലെ എട്ടാം പ്രതിയും മൂന്നാം വർഷ എൻവയോൺമെന്റൽ കെമിസ്ട്രി വിദ്യാർത്ഥിയുമായ മുഹമ്മദ് ഇജിലാലാണ് പിടിയിലായത്. കണ്ണൂർ സ്വദേശിയായ ഇജിലാൽ കെഎസ് യുവിന്റെ സജീവ പ്രവർത്തകനാണ്.
ബുധനാഴ്ച്ച രാത്രിയിലാണ് നാടക പരിശീലനം കഴിഞ്ഞ് മടങ്ങവെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ അക്രമണമുണ്ടായത്. കേസിൽ 15 പേരെ വധശ്രമം ഉൾപ്പെടെയുള്ള 9 വകുപ്പുകൾ ചേർത്ത് പ്രതി ചേർത്തിട്ടുണ്ട്. ഇവരിൽ ഒരാൾ മാത്രമാണ് പിടിയിലായിട്ടുള്ളത്.
അതേ സമയം കേസിലെ പ്രതികളായ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് അമൽ ടോമി, ഫ്രറ്രേണിറ്റി നേതാവ് ബിലാൽ എന്നിവർക്കു നേരെ ഇന്നലെ ആശുപത്രിയിൽ വെച്ച് ആക്രമണമുണ്ടായി. ബുധനാഴ്ച്ച നടന്ന സംഘർഷത്തിൽ ഇവർക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മഹാരാജാസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ നിലനിന്നിരുന്ന സംഘർഷമാണ് എസ് എഫ് ഐ നേതാവിന് കുത്തേൽക്കുന്നതിൽ കലാശിച്ചത്.
സംഘർഷത്തിൽ നാസറിന് ഒപ്പമുണ്ടായിരുന്ന ഒരു വിദ്യാർത്ഥിനിക്കും പരിക്കേറ്റിട്ടുണ്ട്. 14 അംഗ സംഘമാണ് മാരകായുധങ്ങളുമായി ക്യാമ്പസിലെത്തി അക്രമം നടത്തിയതെന്ന് എസ് എഫ് ഐ നേതാക്കൾ പറഞ്ഞു. അതേ സമയം സംഘർഷ സാധ്യത കണക്കിലെടുത്ത് മഹാരാജാസിലും പരിസര പ്രദേശങ്ങളിലും ശക്തമായ പൊലീസ് പെട്രോളിംഗാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തുടർ സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി മഹാരാജാസ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്. ഹോസ്റ്റലുകളും അടച്ചിട്ടു. അടുത്ത ദിവസം തന്നെ വിദ്യാർത്ഥി സംഘടനകളുടെ മീറ്റിംഗും, പി റ്റി എ മീറ്റിംഗും വിളിച്ചു ചേർത്തിട്ടുണ്ട്.