അമേരിക്കയുടെ നിർദേശം തള്ളി ഇസ്രയേൽ

ഗാസയിലെ നിലവിലെ സംഘർഷം അവസാനിച്ചാൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന അമേരിക്കയുടെ നിർദേശത്തെ പരസ്യമായി തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ. ഹമാസിന്റെ സർവനാശം കാണുകയും ശേഷിക്കുന്ന ഇസ്രയേലി ബന്ദികളെ തിരികെ കൊണ്ടുവരികയും ചെയ്യുമെന്നും വ്യാഴാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു.

"പൂർണ വിജയം ഉണ്ടാകും വരെ ആക്രമണം അവസാനിപ്പിക്കില്ലെന്നും അതിന് നിരവധി മാസങ്ങൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് വേണ്ടി അമേരിക്ക ഉൾപ്പെടെ ശ്രമിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രസ്താവന.

ഇസ്രയേലിന്റെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന അമേരിക്കയുമായി വർധിച്ചുവരുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ ഒടുവിലത്തെ സംഭവമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കാൽ ലക്ഷത്തോളം പലസ്തീൻ മനുഷ്യരുടെ മരണത്തിന് ഇടയാക്കിയ സംഘർഷം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങൾ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് നെതന്യാഹുവിന്റെ തിരിഞ്ഞുനടത്തം.

അമേരിക്ക ഉൾപ്പെടെയുള്ള ഇസ്രയേലിന്റെ സഖ്യകക്ഷികൾ ദീർഘകാലമായി "ദ്വി-രാഷ്ട്ര പരിഹാരം" നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. അടുത്തിടെ പശ്ചിമേഷ്യ സന്ദർശിച്ച യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പരിഹാര നടപടിയെക്കുറിച്ച് നെതന്യാഹുവിനോട് സംസാരിച്ചിരുന്നു. പലസ്തീൻ രാഷ്ട്രത്തിന്റെ സ്ഥാപനത്തിലൂടെ മാത്രമേ ഇരുജനതയ്ക്കും സുരക്ഷതിമയൊരു ജീവിത സാഹചര്യം കൈവരൂ എന്നും ബ്ലിങ്കൻ ഓർമിപ്പിച്ചിരുന്നു. എന്നാൽ നയതന്ത്ര ചർച്ചകളെയെല്ലാം വിഫലമാക്കുന്ന രീതിയിലാണ് നെതന്യാഹുവിന്റെ വ്യാഴാഴ്ചത്തെ പ്രസ്താവന.

ജോർദാൻ നദിയുടെ പടിഞ്ഞാറുള്ള എല്ലാ ഭൂപ്രദേശങ്ങളിലും ഇസ്രയേലിന്റെ സുരക്ഷാ നിയന്ത്രണത്തിന് കീഴിലായിരിക്കുമെന്നാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇത് അനിവാര്യമാണ്. അതേസമയം, പലസ്തീന്റെ പരമാധികാരമെന്ന ആശയം അംഗീകരിക്കാനാകില്ല, ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ഹാനികരമായ ഒരു കാര്യവും അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അമേരിക്കൻ സുഹൃത്തുക്കൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

19-Jan-2024