എക്സാലോജിക്കിൻെറ പേരിൽ മുഖ്യമന്ത്രിയെ കുടുക്കാൻ ശ്രമം: എം.വി ഗോവിന്ദന്‍ മാസ്റ്റർ
അഡ്മിൻ
കേന്ദ്രത്തിനെതിരെ ദില്ലിയില്‍ നടത്തുന്ന സമരത്തില്‍ സഹകരിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന് യുഡിഎഫില്‍ പൂര്‍ണ പിന്തുണയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. കേരളത്തോട് കേന്ദ്രം വെല്ലുവിളിക്കുകയാണ്. ഇതിന്‍റെ ആത്യന്തിക തിരിച്ചടി ജനങ്ങൾക്കാണ്. യോജിച്ച സമരത്തില്‍നിന്നും വിട്ടുനില്‍ക്കുന്നത് രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് എന്നാണ് പ്രതിപക്ഷ വിശദീകരണം. ജനങ്ങളോടൊപ്പം നിൽക്കാനാകില്ലെന്നാണ് പ്രതിപക്ഷം പരസ്യ നിലപാട് എടുക്കുന്നതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.
അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠ ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണ്. കെഎസ് ചിത്രയെ പോലുള്ള പ്രതിഭ എടുത്ത നിലപാട് വിമർശിക്കപ്പെടുകയാണ്, എന്നാല്‍, അതിന്‍റെ പേരിൽ ചിത്രയെ അടച്ചാക്ഷേപിക്കാൻ ഇല്ല. ചിത്രയും ശോഭനയും എല്ലാം നാടിന്‍റെ സ്വത്ത് ആണ്. അവരെ ഏതെങ്കിലും കള്ളിയില്‍ ആക്കേണ്ട കാര്യം ഇല്ല.
ഏതെങ്കിലും പ്രശ്നത്തിന്‍റെയോ പദപ്രയോഗത്തിന്‍റെയോ പേരിൽ എംടി അടക്കം ആരേയും തള്ളി പറയേണ്ട കാര്യം ഇല്ല. എക്സാലോജിക്കിന്‍റെ പേരിൽ മുഖ്യമന്ത്രിയെ വരെ പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമം. വസ്തുതകളുള്ള റിപ്പോർട്ടുകളല്ല പുറത്ത് വരുന്നത്. എക്സാലോജിക്ക് ഉണ്ടാക്കിയ കരാറുകൾ പാർട്ടി പരിശോധിക്കേണ്ട കാര്യം ഇല്ല. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള നീക്കം മാത്രമാണിത്.
ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഇത്തരം പല കാര്യങ്ങൾ പുറത്ത് വരും. 91-96 കാലഘട്ടത്തിലാണ് കെഎസ്ഐഡിസി- സിഎംആർഎൽ കരാർ ഉണ്ടാകുന്നത്. പുകമറ സൃഷ്ടിച്ച് മുഖ്യമന്ത്രിയിലേക്കുള്ള വഴി ഇതാ എന്ന് പ്രഖ്യാപിക്കലാണിത്. അല്ലാതെ മറ്റൊന്നും ഇല്ല. സ്വർണ്ണക്കടത്ത് കേസിലും നടന്നത് സമാനമായ സംഭവമാണ്. കോൺഗ്രസ് നേതാക്കളും പൈസ വാങ്ങിയിട്ടുണ്ട്. അതിൽ അന്വേഷണം വേണ്ടേയെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ ചോദിച്ചു.
പിണറായി വിജയനെ അപസഹിക്കാൻ വേണ്ടി നടത്തുന്ന കാര്യങ്ങളാണിത്. അതിനെ പ്രതിരോധിക്കുക തന്നെ ചെയ്യും. ബിനിഷ് കോടിയേരിയുടെ കേസും വീണ വിജയൻ ഉൾപ്പെട്ട കേസും രണ്ടും രണ്ടാണ്. കോടിയേരി ജീവിച്ചിരിക്കുന്ന കാലത്ത് തുറന്ന മനസോടെയാണ് ബിനീഷിന്റെ കാര്യം ബിനീഷ് നോക്കിക്കോളുമെന്ന നിലപാട് എടുത്തത്. ഇലട്രിക് ബസ് - ജനങ്ങൾക്ക് ആശ്വാസമെങ്കിൽ അത് തുടരും. മന്ത്രി മാത്രമല്ലല്ലോ മന്ത്രിസഭയല്ലേ കാര്യം നടത്തുന്നതെന്നും എംവി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.