ഞങ്ങൾ ആരാധിക്കുന്നത് ഗാന്ധിയുടെ രാമനെയാണ്, ബിജെപിയുടെ രാമനെയല്ല: സിദ്ധരാമയ്യ

ആയിരക്കണക്കിന് പ്രമുഖര്‍ പങ്കെടുത്ത അയോധ്യയിലെ വിഗ്രഹ പ്രതിഷ്ഠയ്ക്ക് പിന്നാലെ ബിജെപിയുടെ രാമനെയല്ല, ഗാന്ധിയുടെ രാമനെയാണ് കോണ്‍ഗ്രസ് ആരാധിക്കുന്നതെന്ന് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത്. കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രസ്താവന വന്‍ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.രാമനെ സീതയില്‍ നിന്നും ലക്ഷ്മണനില്‍ നിന്നും വേര്‍പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ ആരോപിച്ചു.

ലക്ഷ്മണനും സീതയുമില്ലാതെ രാമനില്ല, രാമന്‍ സര്‍വ്വവ്യാപിയാണ്, അയോധ്യയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ സാന്നിധ്യം ഗ്രാമത്തിലെ ശ്രീരാമക്ഷേത്രം വരെ വ്യാപിക്കുന്നുവെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു. മഹാദേവപുര ജില്ലയില്‍ രാമന്റെയും സീതയുടെയും ഹനുമാന്റേയും പ്രതിമകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി.

'രാമന്‍ ബിജെപിയുടെ മാത്രം ദൈവമല്ല, എല്ലാവരുടെയും ദൈവമാണ്. ഞങ്ങളും രാമന്റെ ശിഷ്യരാണ്. ഒരു ദിവസം ഞാന്‍ അയോധ്യ സന്ദര്‍ശിക്കും,' സിദ്ധരാമയ്യ പറഞ്ഞു. കോണ്‍ഗ്രസ് ശ്രീരാമനെതിരാണെന്ന് ചിത്രീകരിക്കാന്‍ ബിജെപി ശ്രമിക്കുന്നു. അത് ശരിയല്ല. അയോധ്യയില്‍ ഞങ്ങള്‍ ശ്രീരാമനെതിരല്ല. അവര്‍ ഇത് രാഷ്ട്രീയത്തിന് വേണ്ടി ചെയ്യുന്നതാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

22-Jan-2024