മാത്യു കുഴല്‍നാടന്റെ ഭൂമി കയ്യേറ്റം; ലാന്റ് റവന്യൂ തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി
അഡ്മിൻ
മാത്യു കുഴല്നാടന് ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ശരിവച്ച് റവന്യൂ വകുപ്പ്. ചിന്നക്കനാലില്‍ പട്ടയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാള്‍ 50സെന്റ് അധിക ഭൂമി കൈയേറിയതായാണ് നേരത്തെ വിജിലന്‍സ് കണ്ടെത്തിയത്. കൈയേറ്റം സംബന്ധിച്ച് ഉടുമ്പന്‍ചോല ലാന്റ് റവന്യൂ തഹസില്‍ദാര്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
വില്ലേജ് സര്‍വേയര്‍ ഭൂമി അളന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം കണ്ടെത്തിയത്. ഒരേക്കര്‍ 23 സെന്റ് ഭൂമിയാണ് മൂന്ന് ആധാരങ്ങളിലായി മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്. അധികമായി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ നടപടിക്ക് റിപ്പോര്‍ട്ട് തേടിയാണ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കൈയേറ്റ ഭൂമി തിരികെ പിടിക്കാന്‍ ശുപാര്‍ശ നല്‍കുമെന്ന് വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റും വ്യക്തമാക്കിയിട്ടുണ്ട്. ചിന്നക്കനാലിലെ റിസോര്‍ട്ട് നിലനില്‍ക്കുന്ന സ്ഥലത്ത് മിച്ചഭൂമിയുള്ള വിവരം മറച്ചുവച്ചാണ് സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭൂമി കൈയേറിയ സംഭവത്തില്‍ വിജിലന്‍സ് അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും.