ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന പാരഗ്രാഫ് വായിച്ച് അവസാനിപ്പിച്ചു

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗം പൂര്‍ണ്ണമായി വായിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രസർക്കാർ വിമർശനം ഒഴിവാക്കി നയപ്രഖ്യാപനം അവസാന ഖണ്ഡിക മാത്രമാണ് ഗവര്‍ണര്‍ വായിച്ചത്. ഒരു മിനിറ്റില്‍ നയ പ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേര്‍ന്നാണ് ഗവര്‍ണറെ നിയമസഭയില്‍ സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ബൊക്കെ നല്‍കിയെങ്കിലും മുഖത്ത് പോലും ഗവര്‍ണര്‍ നോക്കിയില്ല. സൗഹൃദ ഭാവമില്ലാതെ അകത്തേയ്ക്ക് പ്രവേശിച്ച ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിലെ അവസാന പാരഗ്രാഫ് വായിച്ച് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നിയമസഭാ മന്ദിരത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് യാത്രയാക്കി.

അതേസമയം, സര്‍ക്കാരുമായി ഉടക്ക് ആവര്‍ത്തിക്കുന്ന നിലപാട് സ്വീകരിച്ച ഗവര്‍ണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. മാര്‍ച്ച് 27 വരെ നീളുന്ന ദീര്‍ഘമായ സമ്മേളനത്തിനാണ് തുടക്കമാകുന്നത്. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്.

25-Jan-2024