ഗവർണറുടെ പ്രസംഗത്തിലെ നാലു ഖണ്ഡികകളിൽ കേന്ദ്രത്തിനെതിരേയുള്ള കുറ്റപത്രം

കേരളം ഇപ്പോൾ നേരിടുന്ന ഗുരുതരമായ സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരെന്ന് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തില്‍ വിമർശനം. ഇതിന് പരിഹാരം കാണാൻ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ നിർബന്ധിതമായി. 15-ാം ധനകാര്യകമ്മിഷന്റെ സ്വീകരിക്കപ്പെട്ട ശുപാർശകള്‍ക്കു വിരുദ്ധമായി മുൻകാലപ്രാബല്യത്തോടെ വായ്പപ്പരിധി വെട്ടിക്കുറച്ചതിനാല്‍ കടുത്ത പണഞെരുക്കം അനുഭവപ്പെടുന്നു. കേന്ദ്രസർക്കാർ നിലപാട് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും നയപ്രഖ്യാപനത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ഗവർണറുടെ പ്രസംഗത്തിലെ നാലു ഖണ്ഡികകളിലായാണ് കേന്ദ്രത്തിനെതിരേയുള്ള കുറ്റപത്രം. സമ്പത്തികകാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നിലനില്‍ക്കുന്ന അസമത്വത്തില്‍നിന്ന് ഉദ്ഭവിച്ചതാണ് പണഞെരുക്കം. വരുമാനസ്രോതസ്സുകളുടെ പരിമിതി മറികടന്ന് വികസനച്ചെലവുകള്‍ ഏറ്റെടുക്കാൻ സംസ്ഥാനങ്ങള്‍ നിർബന്ധിതമാവുന്നത് ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തിലെ വലിയ അസമത്വത്തിലേക്ക് വിരല്‍ചൂണ്ടുന്നു.

പത്താം ധനകാര്യകമ്മിഷന്റെ കാലയളവില്‍ കേന്ദ്രനികുതിവിഹിതം 3.88 ശതമാനമായിരുന്നത് 15-ാം കമ്മിഷന്റെ കാലയളവില്‍ കേവലം 1.92 ശതമാനമായി കുറഞ്ഞു. നടപ്പുവർഷം ജി.എസ്.ടി. നഷ്ടപരിഹാരം നിർത്തലാക്കിയതും റവന്യു കമ്മി ഗ്രാന്റില്‍ വന്ന കുറവും സംസ്ഥാന ബജറ്റിനുപുറത്തുള്ള കടമെടുപ്പില്‍ കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും സാമ്പത്തികനിലയെ പ്രതികൂലമായി ബാധിച്ചു. കേന്ദ്രാവിഷ്കൃതപദ്ധതികളുടെ അർഹതപ്പെട്ട ഗ്രാന്റും സഹായത്തിന്റെ വിഹിതവും തടഞ്ഞുവെക്കുന്നതിനെ സർക്കാർ ആശങ്കയോടെ കാണുന്നു -ഇങ്ങനെയാണ് കേന്ദ്രവിമർശനം.

26-Jan-2024