കമ്മീഷന്റെ ഏര്‍പ്പാടില്ലാത്ത സംസ്ഥാനമാണ് കേരളം: മുഖ്യമന്ത്രി
അഡ്മിൻ
കുറ്റം ചെയ്തില്ലെങ്കില്‍ എന്തുവന്നാലും അതിനെ തലയുയര്‍ത്തി നേരിടാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പണത്തിന്റെ പിന്നാലെ പോകാനുള്ള ത്വര കാണിച്ചാല്‍ മനഃസമാധാനം നഷ്ടപ്പെടും. മന്ത്രിസഭയ്ക്കും ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആരുടെ മുന്നിലും തലയുയര്‍ത്തി നില്ക്കാന് കഴിയും.
കേരളത്തില്‍ വിവിധ മേഖലകളില്‍ വലിയ പണം ചെലവിടാന്‍ വരുന്നവരുണ്ട്. അവര്‍ മറ്റു ചില സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ ആദ്യം കമീഷന് ഉറപ്പിക്കും. അത്തരം കമീഷന്റെ ഏര്‍പ്പാടില്ലാത്ത സംസ്ഥാനമാണ് കേരളം. സേവനം എന്നാല്‍ ജനങ്ങളെ സേവിക്കലാണ്. ഇക്കാര്യത്തില്‍ വഴിവിട്ട നടപടികള്‍ ഉണ്ടാകരുത്. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേര് കേരളത്തിനുണ്ട്. എന്നാല്‍, അതുകൊണ്ട് നാം തൃപ്തരല്ല. ചില തലങ്ങളിലെങ്കിലും അഴിമതിയുണ്ട്. അത് തീര്‍ത്തും ഇല്ലാതാക്കണം.
മനുഷ്യന്റെ ആര്‍ത്തിയാണ് അഴിമതിക്ക് ഇടയാക്കുന്നതെന്ന് കഴിഞ്ഞ ദിവസം താന്‍ പറഞ്ഞു. ഇത് ആദ്യമായി പറഞ്ഞതല്ല. കഴിഞ്ഞ ഏഴര വര്‍ഷവും പറയുന്ന കാര്യമാണത്. അഴിമതിയുടെ കാര്യം വരുമ്പോള്‍ ഈ മന്ത്രിസഭയ്ക്കും ഞങ്ങള്‍ക്കെല്ലാവര്‍ക്കും ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല. ഈ അവസ്ഥ എല്ലാവര്ക്കും ഉണ്ടാക്കാനാകണം. ഇതാണ് ആര്‍ത്തിയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായവരോട് പറയാനുള്ളതെന്ന് പിണറായി വിജയന് പറഞ്ഞു.