കേന്ദ്രത്തിന്റെ നിസ്സഹകരണം കാരണം കേരളത്തിനു ലഭിക്കേണ്ട തുകയിൽ 57,000 കോടി രൂപ കുറയുമെന്നാണ് നമ്മുടെ കണക്ക്: മന്ത്രി ബാലഗോപാൽ
അഡ്മിൻ
ക്ഷേമ പെൻഷൻ സർക്കാരിന്റെ നല്ല മനസ്സു കൊണ്ടു കൊടുക്കുന്നതാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒരു മാസത്തെ പെൻഷൻ നൽകാൻ 900 കോടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 18 മാസം ക്ഷേമ പെൻഷൻ കുടിശികയായിരുന്നു.
അന്നു 600 രൂപ നൽകിയെങ്കിൽ ഇന്നു 1,600 രൂപ കൊടുക്കുന്നുണ്ട്. പ്രകടനപത്രികയിൽ പറഞ്ഞതു പോലെ പെൻഷൻ 2,500 രൂപയാക്കണമെന്നു തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘5 മാസത്തെ പെൻഷൻ കൊടുക്കാത്തതിനാൽ ഒരാൾ ആത്മഹത്യ ചെയ്‌തെന്നു കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. പക്ഷേ, അദ്ദേഹം പെൻഷൻ ആവശ്യപ്പെട്ട് നവംബറിലാണു കത്തെഴുതിയത്.
ഒരു മാസത്തെ പെൻഷൻ നൽകാൻ 900 കോടി രൂപയാണു വേണ്ടത്. സർക്കാരിന്റെ നല്ല മനസ്സു കൊണ്ടു കൊടുക്കുന്നതാണ് ക്ഷേമ പെൻഷൻ. കോടതിയിൽ പോയി വാങ്ങേണ്ടതല്ലെന്നും’ ധനമന്ത്രി അഭിപ്രായപ്പെട്ടു.
കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക മരവിപ്പ് നേരിടുന്നുണ്ട്. അടുത്ത വർഷം മുതൽ ലോകത്താകെ സാമ്പത്തിക മാന്ദ്യം പ്രതീക്ഷിക്കുന്നു. സിമന്റിന്റെ വില കുറഞ്ഞതു തന്നെ നിർമാണ മേഖല നേരിടുന്ന പ്രതിസന്ധിയുടെ സൂചനയാണ്. യുദ്ധം അതിനൊരു കാരണമാണ്. പരമാവധി പണം ജനങ്ങളിലെത്തിച്ചാണ് ഇതിനു പരിഹാരം കാണേണ്ടത്. കേന്ദ്ര സർക്കാരിനാണ് ഇത്തരം ഇടപെടലുകൾ ഫലപ്രദമായി നടത്താൻ കഴിയുക.
കേന്ദ്രത്തിന്റെ നിസ്സഹകരണം കാരണം കേരളത്തിനു ലഭിക്കേണ്ട തുകയിൽ 57,000 കോടി രൂപ കുറയുമെന്നാണ് നമ്മുടെ കണക്ക്. 1,70,000 കോടി രൂപ ഒരു വർഷം ചെലവാക്കുന്ന സംസ്ഥാനത്തിന് 57,000 കോടി കുറവു വന്നാൽ എങ്ങനെ പിടിച്ചുനിൽക്കാൻ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു.