ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധ നിലപാടുകൾ: എംവി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റർ. ഗവര്‍ണര്‍ പദവിയുടെ അന്തസ്സിന് യോജിക്കാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ പെരുമാറ്റമെന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. ഗവര്‍ണറുടേത് ഭരണഘടനാ വിരുദ്ധ നിലപാടുകളാണെന്നും വിമര്‍ശനം. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ കഴിഞ്ഞ കാലങ്ങളില്‍ എടുത്തുകൊണ്ടിരിക്കുന്ന നിലപാടുകള്‍ ഭരണഘടനപരമായ അദ്ദേഹത്തിന്റെ സ്ഥാനവുമായി പൊരുത്തപ്പെടുന്നതല്ല. നയപ്രഖ്യാപനത്തില്‍ സാങ്കേതിക ബാധ്യത നിറവേറ്റുക മാത്രമാണ് ഗവര്‍ണര്‍ ചെയ്തത്. സാധാരണ ഗവര്‍ണര്‍മാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന ഒരു കീഴ്വഴക്കമുണ്ട്. എന്നാല്‍, അതിന് വ്യത്യസ്തമായ ഒരു ഭരണഘടനാ ബാധ്യത അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നു എന്ന് മാത്രമേ ഇക്കാര്യത്തില്‍ പറയാന്‍ സാധിക്കുകയുള്ളൂ.
ഇ.ഡി. ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെടുക്കുന്ന സമീപനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇത്തരം ഏജന്‍സികള്‍ പ്രതികാര മനോഭാവത്തോടെ സ്വീകരിക്കുന്ന നിലപാടുകളെ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. അത് അംഗീകരിക്കുന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചിട്ടുള്ളത്. പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ ആശങ്കകള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനം വേണമെന്ന് കോടതി നിലവില്‍ പറഞ്ഞിരിക്കുകയാണ്.
ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനങ്ങളില്‍ തെറ്റായ രീതിയില്‍ ഇടപെടുന്ന പ്രശ്നം രാഷട്രീയ പ്രേരിതമായ നിലപാടാണെന്ന് തങ്ങള്‍ മുമ്പ് ചൂണ്ടിക്കാണിച്ചത് സുപ്രീം കോടതിക്ക് അംഗീകരിക്കണ്ടി വന്നുവെന്നും എം.വി. ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേര്‍ത്തു.