വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ സ്വപ്നഭവനം പൂര്‍ത്തീകരിക്കുന്നതിനും സിപിഐഎം തീരുമാനം
അഡ്മിൻ
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ബാധ്യതകള്‍ പൂര്‍ണമായും ഏറ്റെടുത്ത് സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി. ആകെയുള്ള സമ്പാദ്യമായ 14 സെന്റ് പണയപ്പെടുത്തി എടുത്ത ബാങ്ക് വായ്പയില്‍ കുടിശ്ശികയായതോടെ ബാങ്ക് നോട്ടീസ് അയച്ചിരുന്നു. ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിന്റെ സാഹചര്യം പുറത്തുവിട്ടതിന് പിന്നാലെയാണ് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് സിപിഐഎം രംഗത്തെത്തിയത്.
ഒപ്പം തന്നെ വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ സ്വപ്നഭവനം പൂര്‍ത്തീകരിക്കുന്നതിനും സിപിഐഎം തീരുമാനമെടുത്തിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മാസ്റ്റര്‍ ബുധനാഴ്ച നേരിട്ട് എത്തി തുക കൈമാറും. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കൂടാതെ മാതാപിതാക്കള്‍ക്ക് മറ്റൊരു വളര്‍ത്തു മകള്‍ കൂടി ഉണ്ട്.
ആ മകളുടെ വിവാഹത്തിനായി എടുത്തതാണ് ബാങ്ക് വായ്പ. പീരുമേട് താലൂക്ക് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയായിരുന്നു വായ്പയെടുത്തത്. ഇതായിരുന്നു ഏഴ് ലക്ഷം രൂപയില്‍ അധികമുള്ള ബാധ്യതയായി മാറിയത്.
മകള്‍ ഉറങ്ങുന്ന മണ്ണും മകളുടെ സ്വപ്ന വീടും എങ്ങനെ സംരക്ഷിക്കുമെന്ന ആശങ്കയിലായിരുന്നു മാതാപിതാക്കള്‍. മകളുടെ ആഗ്രഹപ്രകാരം പണിത മുറിയുടെ അടുത്ത് തന്നെ മുറ്റത്താണ് കുട്ടിയെ അടക്കിയിരിക്കുന്നത്. വീടിന്റെ നിര്‍മ്മാണം ഇപ്പോള്‍ പലരുടേയും സഹായത്താല്‍ പൂര്‍ത്തീകരിക്കാന്‍ പണികള്‍ നടക്കുന്നുണ്ട്. ഇതിനിടയിലായിരുന്നു സ്ഥലം ഈടുവച്ച് എടുത്ത ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാല്‍ നോട്ടീസ് വന്നത്.