ചൊവ്വ ഒരിക്കല്‍ വാസയോഗ്യമായിരുന്നിരിക്കാം; കണ്ടെത്തലുമായി നാസ

ചൊവ്വയില്‍ ജലത്തിന്റെ സാന്നിധ്യം സംബന്ധിച്ച കൂടുതല്‍ കണ്ടെത്തലുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാസയുടെ ചൊവ്വാ ദൗത്യമായ പെര്‍സെവറന്‍സ് റോവറാണ് ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്. ചൊവ്വയുടെ ഉപരിതലത്തില്‍ തടാകം നിലനിന്നിരുന്നതിന്റെ അവശിഷ്ടങ്ങള്‍ (ജല സാന്നിധ്യം മൂലം ഉണ്ടാകുന്ന ഊറല്‍) കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ച പുറത്തുവിട്ട പഠനത്തിലാണ് ജെറെസോ ഗര്‍ത്തം എന്ന് പേര് നല്‍കിയിരിക്കുന്ന ചൊവ്വയുടെ ഉപരിതലത്തിലെ തടാക സാന്നിധ്യത്തെ കുറിച്ച് വിശദമായ പരാമര്‍ശമുള്ളത്. ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെയും (യുസിഎല്‍എ) ഓസ്ലോ സര്‍വകലാശാലയിലെയും സംഘങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണം സയന്‍സ് അഡ്വാന്‍സസ് ജേണലില്‍ ആണ് പ്രസിദ്ധീകരിച്ചത്.

നിലവില്‍ മൈനസ് 225 ഡിഗ്രി സെല്‍ഷ്യസ് വരെ തണുത്ത കാലാവസ്ഥയും വരണ്ടതും നിര്‍ജീവവുമായ ചൊവ്വ ഒരു കാലത്ത് ഊഷ്മളവും നനഞ്ഞതും ഒരുപക്ഷേ വാസയോഗ്യവുമായിരുന്നു എന്ന നിര്‍ണായകമായ കണ്ടെത്തലാണ് പഠനം മുന്നോട്ടുവയ്ക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ തടാകങ്ങളിലെന്നപോലെ, ജലം വഹിക്കുന്ന മണ്ണിന്റെ അവശിഷ്ടങ്ങള്‍ ജെറെസോ ഗര്‍ത്തത്തിലും അതിന്റെ ഡെല്‍റ്റയിലുമുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

27-Jan-2024