ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ച നടപടി അല്പത്തരം: ഇപി ജയരാജൻ
അഡ്മിൻ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ.പി ജയരാജന്‍. ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന് അപമാനം. പലരും പ്രതിഷേധം നേരിട്ടിട്ടുണ്ട്, പക്ഷേ ഇതുപോലെ ലക്കും ലഗാനുമില്ലാതെ അഴിഞ്ഞാടുന്ന മറ്റാരുമുണ്ടായിട്ടില്ല. പദവിയോടുള്ള ആദരവ് ദൗര്‍ബല്യമായി കാണരുതെന്നും ഇ.പി ജയരാജന്‍ വിമര്‍ശിച്ചു.
ഗവര്‍ണര്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. പദവി ആവശ്യമില്ലാത്തതാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തന്നെ സമര്‍ത്ഥിക്കുന്നു. ഗവര്‍ണര്‍ വഴിയരികില്‍ തന്നെ ഇരിക്കട്ടെയെന്നാണ് തന്റെ അഭിപ്രായം. ഒരു കുടയും വെള്ളവും കൊടുത്ത് അവിടെ തന്നെ ഇരുത്തണമായിരുന്നു. പ്രതിഷേധക്കെതിരെ കേസെടുക്കാന്‍ പറയാന്‍ ഗവര്‍ണര്‍ക്ക് എന്ത് അധികാരം ഗവര്‍ണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ മറ്റൊരിടത്തും ഈ പേക്കൂത്ത് കാണാന്‍ ആവില്ല. പദവിയോടുള്ള ആദരവ് ദൗര്‍ബല്യമായി കാണരുത്. ഗവര്‍ണര്‍ ചെയ്തത് ക്രിമിനല്‍ കുറ്റം, റോഡ് ഉപരോധിച്ച് മാര്‍ഗ്ഗ തടസ്സം ഉണ്ടാക്കി. ഗവര്‍ണറുടെ സുരക്ഷ വര്‍ധിപ്പിച്ച നടപടി അല്പത്തരം ആണെന്ന് പറഞ്ഞ ഇ.പി ജയരാജന്‍ സുരക്ഷാ ക്യാറ്റഗറി മാറ്റിയില്ലെങ്കിലും ഗവര്‍ണര്‍ കേരളത്തില്‍ സുരക്ഷിതനാണെന്ന് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് നാടകമാണെന്ന പ്രതിപക്ഷ വിമര്‍ശനത്തെയും അദ്ദേഹം പരിഹസിച്ചു. പറഞ്ഞ ശീലിച്ച വിമര്‍ശനമാണ് പ്രതിപക്ഷം നടത്തുന്നത്. പ്രതിപക്ഷ നേതാവിന്റെ ഉപദേശം ഗവര്‍ണര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഗവര്‍ണറുടെ നാടകം ഇടതുമുന്നണിയുടെ ജനപിന്തുണ വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.