സര്‍ക്കാര്‍ ഒരിക്കലും ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ല: മന്ത്രി കെഎൻ ബാലഗോപാൽ

പ്രായോഗികമായി കേരളത്തിന് ഏറ്റവും അര്‍ഹമായ കാര്യങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നില്ല എന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രാഷ്ട്രീയമായും ഭരണപരമായും നിയമപരമായും ഇക്കാര്യം സംസ്ഥാനം ഉന്നയിക്കുന്നുണ്ട്. കേന്ദ്രം കേരളത്തിന്റെ ധനകാര്യ വിഷയങ്ങളില്‍ രാഷ്ട്രീയമായി ഉള്‍പ്പടെ ഇടപെടുന്നു എന്ന സംശയം ജനങ്ങളില്‍ ഉണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പും മറ്റ് രാഷ്ട്രീയ വിഷയങ്ങളും മുന്നില്‍ കണ്ടാണിത് എന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്ധന സെസ് വളരെ ചെറിയ ഒരു തുകയാണ്. അത് സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ കാര്യങ്ങള്‍ക്ക് തന്നെയാണ് ചിലവാക്കുന്നത്. ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ധാരാളം നടപടികള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നികുതി പിരിച്ചെടുക്കുന്നതില്‍ വലിയ വര്‍ധന ഉണ്ടായത്. മദ്യത്തില്‍ നിന്ന് കേരളത്തിന് ലഭിക്കുന്നത് മൂന്നര ശതമാനം നികുതി മാത്രം. 22% വരെ പിരിക്കുന്ന സംസ്ഥാനങ്ങള്‍ വേറെയുണ്ട്. മദ്യ വില്‍പ്പനയില്‍ നിന്നല്ലാതെ ആഭ്യന്തര വരുമാനം വരുന്നതിനായി ഉല്‍പ്പാദന മേഖലയില്‍ ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ബജറ്റ് ജനപ്രിയമായിരിക്കും. കേരളത്തിന് വേണ്ടിയിട്ടായിരിക്കുമെന്നും അദേഹം പറഞ്ഞു

.കേന്ദ്രം ന്യായമായി തരേണ്ട കാര്യങ്ങള്‍ നിഷേധിക്കാന്‍ സാധിക്കില്ല, അത് പ്രതീക്ഷിച്ചു കൊണ്ടാണ് കാര്യങ്ങള്‍ ആലോചിക്കുന്നത്. കേന്ദ്രം സംസ്ഥാനത്തിനുള്ളള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നതില്‍ ജനങ്ങള്‍ക്കും ആശങ്കയുണ്ട്. ഇനിയും വെട്ടിക്കുറയ്ക്കും എന്ന സമീപനത്തിലാണ് സംസ്ഥാനത്തെ ബിജെപി നേതൃത്വം. കുറച്ചുകൂടെ വെട്ടിക്കുറയ്ക്കട്ടെ എന്നാണ് കോണ്‍ഗ്രസിന്റെയും ആഗ്രഹം. അവര്‍ കേരളത്തെ അല്ല ഇഷ്ടപ്പെടുന്നത്. പ്രതിപക്ഷവും ബിജെപിക്കൊപ്പം ചേരുന്നു.

കേരളത്തിന്റെ വികസന കാര്യങ്ങളില്‍ മുന്നോട്ട് പോക്കിന് പറ്റുന്ന തരത്തിലുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നു. അടുത്ത വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങളിലൂന്നിയാവും ബജറ്റ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ ഉണ്ടാക്കുക എന്നതാണ് ബജറ്റിന്റെ ലക്ഷ്യം. കൂടുതല്‍ തൊഴിലും വരുമാനവും ഉണ്ടാക്കുന്നതിനുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യാനിരിക്കുന്നത്. ഭാരമുണ്ടാകുന്ന നികുതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഒരു സര്‍ക്കാരും ആഗ്രഹിക്കില്ല.

പല മേഖലയിലും സര്‍ക്കാരിന് ന്യായമായ വരുമാനം കിട്ടേണ്ടതുണ്ട്. ലഭിക്കേണ്ട നികുതി എല്ലാം കൃത്യമായി ശേഖരിച്ച് എടുക്കുക എന്നുള്ളത് ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. നികുതി ശേഖരിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തക്കുറവ് കാണിക്കുന്നു എന്ന് പറയും. സര്‍ക്കാര്‍ ഒരിക്കലും ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കില്ല. എന്നാല്‍ കൃത്യമായി നികുതി ശേഖരിക്കുകയും ചെയ്യും. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൃത്യമായി നല്‍കേണ്ടതുണ്ട്. അത് മനസ്സില്‍ വെച്ചുള്ള തീരുമാനങ്ങള്‍ ആകും ഉണ്ടാവുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു .

28-Jan-2024