കേന്ദ്ര സുരക്ഷാ: ഒരൊന്നാന്തരം ഗോദ്‌റെജ് പൂട്ടാണ് ഗവർണർ ചോദിച്ചു വാങ്ങിയിരിക്കുന്നത്: കെവി തോമസ്
അഡ്മിൻ
കരിങ്കൊടി കണ്ടാൽ റോഡിലിറങ്ങുന്ന ഗവർണർക്ക് ഇനിയങ്ങനെ ചെയ്യണമെങ്കിൽ സിആർപിഎഫിനോട് ചോദിക്കേണ്ടി വരുമെന്ന് സംസ്ഥാന സർക്കാറിൻറെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ഗവർണർക്ക് പ്രതിഷേധം കണ്ട് പുറത്തിറങ്ങണമെന്ന് തോന്നിയാലും അവരൊട്ട് സമ്മതിക്കുകയുമില്ല. ഒരൊന്നാന്തരം ഗോദ്‌റെജ് പൂട്ടാണ് അദ്ദേഹം ചോദിച്ചു വാങ്ങിയിരിക്കുന്നതെന്ന് കെ വി തോമസ് പറഞ്ഞു.
സമാധാനപരമായി പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്. അതനുസരിച്ച് സമരം ചെയ്ത വിദ്യാർത്ഥികൾക്കു നേരേ പ്രകോപനവുമായി പാഞ്ഞു ചെന്നത് ഗവർണറാണെന്ന് വീഡിയോ കണ്ടാൽ മനസിലാകും.
സ്വന്തം പദവി എന്താണെന്നു പോലും മറന്ന് പെരുവഴിയിൽ നാടകം കളിച്ച ഗവർണറെ പൂട്ടിയിടുകയാണ് കേന്ദ്രസേനയുടെ സുരക്ഷ നൽകിക്കൊണ്ട് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് പിടികിട്ടിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും കെ വി തോമസ് ഫേസ്ബുക്കിൽ കുറിച്ചു.