അസം മുൻ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് അങ്കിത ദത്ത ബി.ജെ.പിയില്‍

അസം മുൻ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് അങ്കിത ദത്ത ബി.ജെ.പിയിലേക്കെന്ന് വിവരം. അങ്കിത ദത്തയും നൂറിലധികം അനുയായികളും ബി.ജെ.പിയില്‍ ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.പാർട്ടിയില്‍ കഴിവുള്ള യുവാക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പത്രസമേളനത്തില്‍ വ്യക്തമാക്കിയിരുന്നു. നിരവധി കഴിവുള്ള യുവാക്കള്‍ അടുത്ത ദിവസം ബി.ജെ.പിയില്‍ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ ശ്രീനിവാസ് ബി.വിക്കെതിരായ പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം പാർട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ശ്രീനിവാസും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി വർധൻ യാദവും തന്നെ മാനസികമായി നിരന്തരം പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് അങ്കിത രംഗത്ത് വന്നത്.

ഇക്കാര്യം രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറിയിച്ചെങ്കിലും വിഷയത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ട്വിറ്റർ വിഡിയോയിലൂടെ അങ്കിത വ്യക്തമാക്കിയിരുന്നു

28-Jan-2024