ഭൂമി കയ്യേറ്റം: മാത്യു കുഴൽനാടന് റവന്യൂ വകുപ്പിന്റെ നോട്ടീസ്
അഡ്മിൻ
ഇടുക്കി ജില്ലയിലെ ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിൽ കോൺഗ്രസ് എം.എൽ.എ. മാത്യു കുഴൽനാടന് റവന്യൂ വകുപ്പിന്റെ നോട്ടീസ്. കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ കാരണങ്ങളുണ്ടെങ്കിൽ ബോധ്യപ്പെടുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ആധാരത്തിലുള്ളതിനേക്കാൾ 50 സെന്റ് സർക്കാർഅധികഭൂമി കയ്യേറിയതിനാണ് കുഴൽനാടന് എതിരേ കേസ് എടുത്തിട്ടുള്ളത്.
ഭൂ സംരക്ഷണ നിയമപ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് കുഴൽനാടന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കൈവശമുള്ള അധികഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നടപടി റവന്യൂ വകുപ്പ് സ്വീകരിച്ചിരിക്കുകയാണ്. വിശദീകരണം നൽകാൻ 14 ദിവസത്തെ സാവകാശമാണുള്ളത്.
കക്ഷിയ്ക്ക് എന്തു വിശദീകരണമാണ് നൽകാനുള്ളത് എന്ന് പരിശോധിക്കാനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഉടുമ്പൻചോല എൽ.ആർ. തഹസിൽദാർ, വില്ലേജ് ഓഫീസ് മുഖാന്തരമാണ് ആരോപണവിധേയമായ റിസോർട്ടിൽ എത്തിച്ച് കൈമാറിയിരിക്കുന്നത്. നോട്ടീസ് ലഭിച്ചെന്ന കാര്യം മാത്യു കുഴൽനാടൻ സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു.