കേരളത്തില്‍ ദേശീയ പാതയുടെ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്
അഡ്മിൻ
എന്ത് പ്രതിസന്ധി വന്നാലും വിഴിഞ്ഞം – നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. സര്‍വീസ് റോഡിന്റെ നിര്‍മാണം കേന്ദ്രം വഹിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അത് സാധിക്കില്ലെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചത്.
ഔട്ടര്‍ റിംഗ് റോഡ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് 1600 കോടിയോളം രൂപയുടെ ബാധ്യതയുണ്ടാകും. എന്തൊക്കെ പ്രതിസന്ധി വന്നാലും ആ പ്രതിസന്ധിയെ എല്ലാം തട്ടിമാറ്റി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് പോകും. കേരളത്തില്‍ ദേശീയ പാതയുടെ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാകുമെന്നും മന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി നല്കി.