രാജ്യത്തെ പാചക വാതക സിലിണ്ടറിന് വില വര്‍ധന പ്രഖ്യാപിച്ച് എണ്ണ കമ്പനികൾ (ഒഎംസി). വാണിജ്യ എൽപിജിയുടെ വിലയാണ് വ്യാഴാഴ്ച വര്‍ധിപ്പിച്ചത്. 19 കിലോഗ്രാം വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില 14 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് ഇന്ന് (ഫെബ്രുവരി 01) മുതൽ പ്രാബല്യത്തിൽ വന്നു.
വിലവർധനവോടെ ദില്ലിയിൽ 19 കിലോ എൽപിജി സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില 1,769.50 രൂപയാകും. അതേസമയം, ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരും. വാണിജ്യ-ഗാർഹിക എൽപിജി സിലിണ്ടറുകൾക്കായുള്ള പ്രതിമാസ വില മാറ്റങ്ങൾ ഒരോ മാസവും ആദ്യമാണ് പ്രഖ്യാപിക്കുന്നത്. പ്രാദേശിക നികുതികളുടെ അടിസ്ഥാനത്തിൽ ഗാര്‍ഹിക പാചക വാതക വില ഓരോ സംസ്ഥാനത്തിനും വ്യത്യാസമാണ്.
അതേസമയം, വിമാന യാത്രികര്‍ക്ക് ചെറിയ പ്രതീക്ഷ പകരുന്ന തീരുമാനവും എണ്ണ കമ്പനികൾ ഇന്ന് പ്രഖ്യാപിച്ചു. വിമാന ഇന്ധന വില (ഏവിയേഷൻ ടർബൈൻ ഫ്യൂവൽ-എ ടി എഫ്) കമ്പനികൾ കുറച്ചു. കിലോ ലിറ്ററിന് ഏകദേശം 1221 രൂപയാണ് വിലയിലെ കുറവ്. വിമാന നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ഇത് തുടര്‍ച്ചയായ നാലാം തവണയാണ് വിമാന ഇന്ധന വില കുറയ്ക്കുന്നത്. പുതിയ എ ടി എഫ് വിലയും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.