ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗം ഇന്ന് ആരാധന നടത്തി

വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താനുള്ള ജില്ലാ കോടതി അനുമതിക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. അടിയന്തര വാദം കേൾക്കണമെന്നാണ് പള്ളിക്കമ്മറ്റിയുടെ ആവശ്യം. ജില്ലാ കോടതി ഉത്തരവിനെതിരെ പള്ളിക്കമ്മറ്റി സുപ്രീംകോടതിയെ നേരത്തെ സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ല.

ജില്ലാ കോടതി അനുമതിയെ തുടർന്ന് ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗം ഇന്ന് ആരാധന നടത്തി. രാവിലെ കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് പള്ളിയുടെ തെക്ക് ഭാഗത്തുള്ള നിലവറകളിൽ പൂജ നടത്തിയത്. ഹിന്ദു വിഭാഗത്തിൻ്റെ അഭിഭാഷകനാണ് ആരാധന തുടങ്ങിയ കാര്യം അറിയിച്ചത്.

പള്ളിക്ക് താഴെ തെക്കുഭാഗത്തുള്ള നിലവറയില്‍ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളുണ്ടെന്നും ഇവിടെ പൂജക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ടാണ് വിവിധ ഹൈന്ദവ സംഘടനകള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി, ശ്രീ കാശിവിശ്വനാഥ ക്ഷേത്ര ട്രസ്റ്റ് നിര്‍ദേശിക്കുന്ന പൂജാരിക്ക് ഇവിടെ പൂജ നടത്താമെന്ന് അനുമതി നല്‍കുകയായിരുന്നു.

01-Feb-2024