കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് ഗവർണർ റദ്ദാക്കി
അഡ്മിൻ
കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് ഗവർണർ റദ്ദാക്കി. നേരത്തെ ഗവർണർ നോമിനേറ്റ് ചെയ്ത രണ്ട് അധ്യാപകരുടെ സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് നോമിനേഷൻ രജിസ്ട്രാർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ നീക്കം.
ഗവർണർ നാമനിർദേശം നൽകിയ ഡോ. പി രവീന്ദ്രൻ, ഡോ ടി എം വാസുദേവൻ എന്നിവരുടെ പത്രികയാണ് റിട്ടേണിങ് ഓഫീസർ കൂടിയായ രജിസ്ട്രാർ തളളിയത്. രണ്ടുപേരും അധ്യാപക മണ്ഡലത്തിൽ നിന്ന് മത്സരിച്ചു ജയിച്ചവരല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ സർവകലാശാല ചട്ടപ്രകാരം സെനറ്റ് അംഗങ്ങൾക്ക് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാം.
വാസുദേവനെ വകുപ്പ് മേധാവി എന്ന നിലയിലും രവീന്ദ്രനെ ഗവേഷണ സ്ഥാപനത്തിന്റെ പ്രതിനിധി എന്ന നിലയിലുമാണ് നാമനിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്രിക സമർപ്പിച്ചതെന്നും രാജ്ഭവൻ വ്യക്തമാക്കിയിരുന്നു. യൂണിവേഴ്സിറ്റി അധ്യാപക മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥിയെ എതിരില്ലാതെ തിരഞ്ഞെടുക്കുവാനാണ് തങ്ങളുടെ പട്ടിക തള്ളിയത് എന്നായിരുന്നു അധ്യാപകരുടെ പരാതി.