മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്സെയെ അനുകൂലിച്ച് ഫേസ്ബുക്കിൽ കമന്റ് ഇട്ട എൻ ഐ ടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. എസ്എഫ്ഐ കെഎസ്‌യു, എം എസ് എഫ് എന്നിവർ ഷൈജക്കെതിരെ പരാതി നൽകിയിരുന്നു.
മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ഷൈജ ആണ്ടവൻ ഗാന്ധി നിന്ദ നടത്തിയെന്നാണ് പരാതി. നാഥുറാം ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം എന്നായിരുന്നു ഷൈജ ആണ്ടവൻ്റെ കമൻ്റ്. വിവാദമായതിന് പിന്നാലെ എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.
നേരത്തെ ഹിന്ദു മഹാസഭാ പ്രവർത്തകൻ നാഥൂറാം വിനായക് ഗോഡ്സെ ഭാരതത്തിൽ ഒരുപാട് പേരുടെ ഹീറോ എന്ന വിശേഷണത്തോടെ പങ്കുവച്ച ഗോഡ്സെയുടെ ചിത്രത്തിന് താഴെയായിരുന്നു ഷൈജ ആണ്ടവൻ്റെ കമൻ്റ്. അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈലിന് കീഴെയായിരുന്നു 'പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിങ് ഇന്ത്യ' എന്ന് പ്രൊഫ. ഷൈജ ആണ്ടവൻ കമൻ്റ് ചെയ്തത്.
കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ പ്രൊഫസറാണ് ഷൈജ ആണ്ടവന്‍. മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്സെയെ അനുകൂലിച്ചുള്ള ഷൈജ ആണ്ടവൻ്റെ അഭിപ്രായ പ്രകടനം വിവാദമായതോടെയാണ് കമൻ്റ് ഡിലീറ്റ് ചെയ്തത്.