ഹൈകോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ഹൈകോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ ആണ് ഇക്കാര്യത്തിൽ ധാരണയായത്.കളമശ്ശേരിയില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള 27 ഏക്കറിന് പുറമേ സ്ഥലം ആവശ്യമുണ്ടെങ്കില്‍ അതുകൂടി കണ്ടെത്താനാണ് ആലോചന.
ഹൈകോടതിക്കൊപ്പം ജുഡീഷ്യല്‍ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി രാജ്യാന്തര തലത്തില്‍ ഉള്ള ആധുനിക സ്ഥാപനങ്ങളും, സംവിധാനങ്ങളും കളമശേരിയില്‍ നിർമിക്കാൻ ആണ് തീരുമാനം.അതേസമയം കളമശ്ശേരി കേന്ദ്രമായി ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കുന്നതിനുള്ള തുടർ നടപടികള്‍ക്ക് കൊച്ചിയില്‍ ചേർന്ന യോഗം രൂപം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇതിൻറെ അടിസ്ഥാനത്തില്‍ ഹൈകോടതി ജഡ്ജിമാർ, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിലുള്ള സ്ഥല പരിശോധന 17 ന് നടക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. നിയമ മന്ത്രി പി.രാജീവ്, റവന്യൂ മന്ത്രി കെ. രാജൻ, ഹൈകോടതി ജഡ്ജിമാരായ എ.കെ. ജയശങ്കരൻ നമ്ബ്യാർ, എ. മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ് എന്നിവരും ഉന്നതോദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.