കർഷകർ ഇന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നു
അഡ്മിൻ
കർഷകർ ഇന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിലേക്ക് മാർച്ച് നടത്തുന്നു. കർഷകരുടെ മാർച്ച് കണക്കിലെടുത്ത് നോയിഡയിലും ഗ്രേറ്റർ നോയിഡയിലും ഫെബ്രുവരി 7, 8 തീയതികളിൽ ഭരണകൂടം സെക്ഷൻ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. കർഷകരുടെ ട്രാക്ടർ മാർച്ചിനെ (Tractor March) തുടർന്ന് നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും ചില റൂട്ടുകളിൽ ട്രാഫിക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് സംബന്ധിച്ച് പൊലീസ് നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. നോയിഡയും ഗ്രേറ്റർ നോയിഡ ഡെവലപ്‌മെൻ്റ് അതോറിറ്റിയും ഏറ്റെടുത്ത തങ്ങളുടെ ഭൂമിക്ക് പകരമായി നൽകുന്ന നഷ്ടപരിഹാരവും ഭൂമിയും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2023 ഡിസംബർ മുതൽ കർഷക സംഘടനകൾ പ്രതിഷേധത്തിലാണ്.
തങ്ങളുടെ ആവശ്യങ്ങളിൽ സംസ്ഥാന സർക്കാരിനും പ്രാദേശിക ഭരണകൂടത്തിനും മേൽ സമ്മർദം വർധിപ്പിക്കുന്നതിനായി കർഷക കൂട്ടായ്മകൾ ഫെബ്രുവരി ഏഴിന് 'കിസാൻ മഹാപഞ്ചായത്ത്' വിളിക്കുകയും എട്ടിന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പാർലമെൻ്റ് വരെ പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. കർഷക സംഘടനകൾ ഫെബ്രുവരി ഏഴിന് മഹാപഞ്ചായത്തും ഫെബ്രുവരി എട്ടിന് പാർലമെൻ്റിലേക്ക് മാർച്ചും സംഘടിപ്പിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് അഡീഷണൽ ഡിസിപി (ലോ ആൻഡ് ഓർഡർ) ഹൃദേഷ് കതേരിയ പറഞ്ഞു.
ഈ പരിപാടികളുമായി ബന്ധപ്പെട്ട് വിവിധ സംഘടനകൾ ചില പ്രദർശന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ സാമൂഹിക വിരുദ്ധർ സമാധാനം തകർക്കാനുള്ള സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത്, നോയിഡയും ഗ്രേറ്റർ നോയിഡ പോലീസും ഫെബ്രുവരി 7, 8 തീയതികളിൽ സെക്ഷൻ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ പ്രദേശത്ത് അഞ്ചു പേരിൽ കൂടുതൽ ഒത്തുചേരുന്നതിനും മതപരവും രാഷ്ട്രീയപരവുമായ ഘോഷയാത്രകൾക്കും നിരോധനം ഉണ്ടായിരിക്കും.