ഡല്‍ഹിയില്‍ നടക്കുന്ന കേരളത്തിന്റെ സമരം അര്‍ഹമായതു നേടിയെടുക്കാന്‍: മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിനെതിരെ നാളെ ഡല്‍ഹിയില്‍ നടക്കുന്ന കേരളത്തിന്റെ സമരം സവിശേഷമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സമരം ആരെയും തോല്‍പ്പിക്കാനല്ലെന്നും, അര്‍ഹമായതു നേടിയെടുക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലയിടങ്ങളില്‍ ലാളനയും മറ്റിടങ്ങളില്‍ പീഡനവുമെന്നതാണ് കേന്ദ്രത്തിന്റെ നയം. നാളത്തെ സമരത്തില്‍ രാജ്യമൊന്നാകെ കേരളത്തിനൊപ്പം അണിചേരുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സമരത്തിനായി ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി, വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ”ഏതുവിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ഇല്ലാത്ത അധികാരങ്ങള്‍ അവര്‍ പ്രയോഗിക്കുകയാണ്. സംസ്ഥാനങ്ങളുടെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണ്. എന്‍ഡിഎ ഇതര സംസ്ഥാനങ്ങള്‍ക്ക് പീഡനമാണ്. പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശകള്‍ കേന്ദ്രം അട്ടിമറിച്ചു.” – മുഖ്യമന്ത്രി വിശദീകരിച്ചു. സമരത്തിനു രാഷ്ട്രീയ നിറം നല്‍കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

വികസന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അര്‍ഹമായതു ലഭിക്കുന്നില്ലെന്ന് കേരളവും കര്‍ണാടകയും പറയുന്നതില്‍ എന്താണ് തെറ്റ് എന്നും മുഖ്യമന്ത്രി ഉന്നയിച്ചു.

07-Feb-2024