ശരദ് പവാര്‍ പക്ഷത്തിന് ഇനി പുതിയ പേര്

ശരദ് പവാറിന്റെ എന്‍സിപി വിഭാഗത്തിന് പുതിയ പേര് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ . ഇനി മുതൽ 'നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി-ശരദ് ചന്ദ്ര പവാർ' എന്ന പേരിൽ ഈ വിഭാഗം അറിയപ്പെടും. നേരത്തെ മൂന്ന് പേരുകളും ചിഹ്നങ്ങളും ശരദ് പവാർ പക്ഷം സമർപ്പിച്ചിരുന്നു. കൂടാതെ 'ചായക്കപ്പ്', 'സൂര്യകാന്തി', 'ഉദയസൂര്യന്‍' എന്നീ മൂന്ന് ചിഹ്നങ്ങളും ശരദ് പവാര്‍ മുന്നോട്ടുവച്ചു.

ഇവ പരിഗണിച്ചാണ് പുതിയ പേരിന് അംഗീകാരം നൽകിയത്. ചൊവ്വാഴ്ച അജിത് പവാറിന്റെ വിഭാഗത്തെ 'യഥാര്‍ത്ഥ' എന്‍സിപിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ശരദ് പവാറിന്റെ പക്ഷത്തോട് പുതിയ പേരുകള്‍ സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. നേരത്തെ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് എന്‍സിപി ചിഹ്നമായ 'ക്ലോക്ക്' കമ്മിഷന്‍ അനുവദിച്ചിട്ടുണ്ട്.

അജിത് പവാര്‍ വിഭാഗത്തിന് അനുകൂലമായ വിധിയെ ജനാധിപത്യത്തിന്റെ കൊലപാതകം എന്നാണ് ശരദ് പവാറിന്റെ ക്യാമ്പ് വിശേഷിപ്പിച്ചത്. പിന്നാലെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചു. തങ്ങളുടെ തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാണിക്കണമെന്നും ശരദ് പവാറിന്റെ ക്യാമ്പ് പ്രതികരിച്ചു.

അജിത് പവാര്‍ തന്റെ അമ്മാവനും പാര്‍ട്ടി സ്ഥാപകനുമായ ശരദ് പവാറിനെ രാഷ്ട്രീയമായി ശ്വാസം മുട്ടിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'ഇത് സംഭവിക്കാന്‍ പോകുകയായിരുന്നുവെന്ന് ഞങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു. ഇന്ന് അജിത് പവാര്‍ ശരദ് പവാറിനെ രാഷ്ട്രീയമായി ശ്വാസം മുട്ടിച്ചു. അജിത് പവാര്‍ മാത്രമാണ് ഇതിന് പിന്നില്‍. ഇതില്‍ നാണം കെടേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. ശരദ് പവാര്‍ ഒരു ഫീനിക്‌സ് പക്ഷിയാണ്. ചാരത്തില്‍ നിന്ന് അദ്ദേഹം വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും. ശരദ് പവാര്‍ ഉള്ളതിനാല്‍ ഞങ്ങള്‍ക്ക് ഇപ്പോഴും അധികാരമുണ്ട്. ഞങ്ങള്‍ സുപ്രീം കോടതിയില്‍ പോകും,' ശരദ് പവാറിന്റെ ക്യാമ്പ് നേതാവ് ജിതേന്ദ്ര അഹ്വാദ് പറഞ്ഞു.

07-Feb-2024