ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്
അഡ്മിൻ
ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ്. ഇതോടെ രാജ്യത്ത് യുസിസി ബില്‍ പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി. വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്തുക്കള്‍, പിന്തുടര്ച്ചാവകാശം എന്നിവയില്‍ എല്ലാ പൗരന്മാര്ക്കും ഒരേ നിയമം വ്യവസ്ഥ ചെയ്യുന്ന നിയമമാണ് ഏക സിവില്‍ കോഡ്. ബില്‍ ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ നിയമസഭയില്‍ അവസരിപ്പിച്ചത്.
രാജ്യമാകെ നടപ്പാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ച ഏക സിവില്‍ കോഡിന്റെ ആദ്യ പരീക്ഷണമാണ് ഉത്തരാഖണ്ഡിലേത്. ഇന്ന് ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിവസമാണ്. രാജ്യത്തെ ആളുകള്‍ വളരെക്കാലമായി ആവശ്യപ്പെടുന്ന ഒരു ബില്‍ തങ്ങള്‍ പാസാക്കി. അങ്ങനെ ബില്‍ ആദ്യം പാസാക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.
തങ്ങള്‍ക്ക് അധികാരത്തില്‍ വരാനും ബില്‍ പാസാക്കാനും അവസരം നല്കിയ എല്ലാ എംഎല്‍എമാര്‍ക്കും ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്കും നന്ദി പറയുന്നുവെന്ന് ബില്‍ പാസാക്കിയ ശേഷം മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഈ ബില്‍ അവതരിപ്പിക്കാനുള്ള നീക്കം സജീവമാണ്. രാജസ്ഥാന് സര്‍ക്കാരും അടുത്ത നിയമസഭ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും.