ബിജെപിയും ആര്‍എസ്എസുമാണ് രാജ്യത്തെ ഭിന്നിപ്പിക്കുന്നത്: സീതാറാം യെച്ചൂരി

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പോരാടി ബിജെപിയെ പുറത്താക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി. തെക്കേ ഇന്ത്യ, വടക്കേ ഇന്ത്യ എന്ന ഭിന്നിപ്പുണ്ടാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നാണ് മോദി ആരോപിക്കുന്നത്. എന്നാല്‍ ബിജെപിയും ആര്‍എസ്എസുമാണ് രാജ്യത്തെ ഭിന്നിപ്പിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ഡല്‍ഹിയിലെ കേരള സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുവാന്‍ ഞങ്ങള്‍ അനുവദിക്കുമെന്ന് തോന്നുന്നുണ്ടോ? ഞങ്ങള്‍ നിശബ്ദരായി ഇരിക്കുമെന്ന് കരുതിയോ? മോദി, നിങ്ങള്‍ എല്ലാകാലവും അധികാരത്തില്‍ ഉണ്ടാവില്ല’; യെച്ചൂരി പറഞ്ഞു.

‘തെക്കേ ഇന്ത്യ, വടക്കേ ഇന്ത്യ എന്ന ഭിന്നിപ്പുണ്ടാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നാണ് മോദി ആരോപിക്കുന്നത്. പക്ഷേ അരവിന്ദ് കെജ്രിവാള്‍ എവിടെ നിന്നാണ്? ഫറൂഖ് അബ്ദുള്ള എവിടെനിന്നാണ്?’, യെച്ചൂരി ചോദിച്ചു. ഉയരങ്ങള്‍ എത്തിയാല്‍ താഴെ ഇറങ്ങേണ്ടിവരും. തങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണ്. അവകാശങ്ങള്‍ സ്വന്തമാക്കുക തന്നെ ചെയ്യും. പോരാട്ടം വിജയിക്കണമെന്നും യെച്ചൂരി ആഹ്വാനം ചെയ്തു.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരം കേന്ദ്രീകരിക്കുന്ന സമഗ്രാധിപത്യത്തിന് ശ്രമിക്കുകയാണ്. അതിന് ഉപരിയായി ഇന്ത്യയെന്ന മതേതര ജനാധിപത്യ രാജ്യത്തെ ഫാസിസ്റ്റ് രാജ്യമെന്ന നിലയിലേയ്ക്ക് മാറ്റാന്‍ ശ്രമിക്കുന്നുവെന്നതാണ് പ്രധാനം. ഹിന്ദുത്വ രാജ്യം ഉണ്ടാക്കാന്‍ ബിജെപിക്ക് വേണ്ടത് ഫെഡറല്‍ ഘടനയല്ല യൂണിറ്ററി ഘടനയാണ്. യൂണിറ്ററി ഘടനയിലേയ്ക്കുള്ള മാറ്റത്തിന് വേണ്ടിയാണ് രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും തകര്‍ക്കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.

08-Feb-2024