കേന്ദ്രത്തിന്റേത് യജമാന നിലപാട്: മുഖ്യമന്ത്രി

കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഡൽഹി സമരം മറ്റൊരു മാർ​ഗമില്ലാത്തതിനാൽ നടത്തിയ സമരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സ‍ർക്കാർ കേരളത്തെ ശ്വാസം മുട്ടിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

കേന്ദ്രത്തിന്റേത് യജമാന നിലപാടാണെന്നും കേരളത്തെ കീഴാളനായും കാണരുതെന്നും മുഖ്യമന്ത്രി വിമർശിച്ചു . 'പ്രധാനമന്ത്രിയെ രേഖാമൂലം കാര്യങ്ങൾ ബോധ്യപ്പെടുത്തിയെങ്കിലും കാര്യമുണ്ടായില്ല. അതോടെയാണ് സമരം നടത്തിയത്. സമരം രാജ്യം ഏറ്റെടുത്തു. കേരളത്തിന്റെ അതേ പ്രശ്നം കർണാടകയും നേരിടുന്നു'.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

'നമ്മുടെ സംസ്ഥാനത്തെ കോൺ​ഗ്രസുകാ‍ർക്ക് ഒന്നിനും യോജിക്കാനാകുന്നില്ല. നവകേരള സദസ്സിലും വിട്ടുനിന്നു. ഡൽഹി സമരം ആദ്യം അവരോടാണ് ച‍ർച്ച ചെയ്തത്. കേരളത്തിൽ കോൺ​​ഗ്രസിന് പ്രത്യേക നിലപാടാണ്. ബിജെപിയെ പിണക്കരുതെന്നുള്ള മൃദുസമീപനമാണ് കോൺ​ഗ്രസിന്. ഒരു പ്രത്യേക തലം കേരളത്തിൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ രൂപപ്പെട്ടിരിക്കുന്നു. ബിജെപിക്ക് നീരസമുണ്ടാകുന്നതൊന്നും ചെയ്യരുതെന്നാണ് കേരളത്തിലെ കോൺഗ്രസിന്റെ നിലപാട്'.  മുസ്ലിം ലീ​ഗ് പ്രസ്താവന കാണാനിടയായി. കേന്ദ്രം കേരളത്തോട് അവ​ഗണന കാണിക്കുന്നുവെന്ന് ലീ​ഗ് പറഞ്ഞുവെന്നും മുഖ്യമന്ത്രി പറയുന്നു.

09-Feb-2024