മാനന്തവാടിയില്‍ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു

മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കുന്നത് പരിഗണനയിലാണെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ കോഴിക്കോട്ട് വ്യക്തമാക്കി.

കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കുങ്കിയാനകളും ഉടനെയെത്തും. നാട്ടുകാര്‍ സഹകരിക്കണം. കര്‍ണാടകയെ കുറ്റപ്പെടുത്തുന്നില്ല. പ്രശ്നം പരിഹരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഉടനടി മാനന്തവാടിയിലേക്കില്ലെന്നും മന്ത്രി പറഞ്ഞു. നാട്ടുകാര്‍ വികാരഭരിതരായി നില്‍ക്കുന്നതിനാല്‍ അവിടേയ്ക്ക് പോകുന്നില്ലെന്നും മന്ത്രി അറിയിച്ചു. ”ശാന്തവും പക്വവുമായ സാഹചര്യത്തില്‍ വയനാട്ടില്‍ പോയി ചര്‍ച്ചകള്‍ നടത്താന്‍ ഒരുക്കമാണ്. വികാരപരമായ പ്രതികരണങ്ങളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കില്ല.

ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികമാണ്. അതില്‍ ശക്തമായ പരിഹാര നടപടികള്‍ എടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മയക്കുവെടി വച്ച് ആനയെ പിടികൂടാനാണ് തീരുമാനം. തണ്ണീര്‍ കൊമ്പനെ വെടിവച്ചതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ തുടരുന്നതിനാല്‍ ആണ് നടപടിക്രമങ്ങള്‍ വൈകിയത്. അമിതമായി വിമര്‍ശിച്ച് വനംവകുപ്പിന്റെ ആത്മവീര്യം തകര്‍ക്കരുത്.” – മന്ത്രി അഭ്യര്‍ഥിച്ചു.

10-Feb-2024