പഞ്ചാബിലും ചണ്ഡീഗഡിലും കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതകള്‍ തള്ളി ആം ആദ്മി പാര്‍ട്ടി മേധാവിയും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ . രണ്ടിടത്തേയും 14 ലോക്സഭാ സീറ്റുകളിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും. പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി പുതിയ പ്രഖ്യാപനം.
പഞ്ചാബിലെ ഖന്നയില്‍ റേഷന്‍ വിതരണത്തെക്കുറിച്ചുള്ള ഒരു പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു കെജ്രിവാള്‍. 'രണ്ട് മാസത്തിനുള്ളില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ 13 സീറ്റുകളും ചണ്ഡീഗഢില്‍ നിന്ന് ഒരു സീറ്റും അടക്കം ആകെ 14 സീറ്റുകളുണ്ട്. അടുത്ത 10-15 ദിവസത്തിനുള്ളില്‍ ഈ 14 ലും എഎപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. ഈ 14 സീറ്റുകളും നിങ്ങള്‍ എഎപിയെ ഭൂരിപക്ഷത്തോടെ ജയിപ്പിക്കാന്‍ സഹായിക്കണം,' കെജ്രിവാള്‍ പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും വേദിയിലുണ്ടായിരുന്നു. ''നിങ്ങള്‍ ഞങ്ങളുടെ കൈകള്‍ എത്രത്തോളം ശക്തമാക്കുന്നുവോ അത്രത്തോളം ഞങ്ങള്‍ക്ക് കൂടുതല്‍ ജോലി ചെയ്യാന്‍ കഴിയും. രണ്ട് വര്‍ഷം മുമ്പ് പഞ്ചാബിലെ 117ല്‍ 92 സീറ്റുകള്‍ നല്‍കി നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിച്ചു. ഇപ്പോള്‍ വീണ്ടും കൈ കൂപ്പി നിങ്ങളുടെ അനുഗ്രഹം ചോദിക്കാനാണ് ഞാന്‍ ഇവിടെ വന്നത്, കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.